കൊച്ചി: യുവനടി ആക്രമിക്കപ്പട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപ് പുതിയ ആവശ്യവുമായി രംഗത്ത. പുതിയ ആവശ്യങ്ങളുമായി പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച മുന്‍പാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യം തെളിയിക്കാന്‍ കേസ് അന്വേഷണം സിബിഐയെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്.
നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്ന് കത്തില്‍ പറയുന്നു. റൂറല്‍ എസ്.പി എവി ജോര്‍ജ്, െ്രെകബ്രാഞ്ച് എസ്പി സുദര്ശന്, ഡിവൈഎസ്പി സോജന് വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ആവശ്യമുണ്ട്.
കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യവും ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചത് താനായിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ദിലീപ് കത്തില്‍ പറയുന്നു.