കൊല്‍ക്കത്ത:സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യഗ്രഹം തുടങ്ങി.മെട്രോ ചാനലിനടുത്ത് സത്യഗ്രഹമിരിക്കുന്ന മമത സംഭവത്തെ രാഷ്ട്രീയമായി നേരിടാനാനൊരുങ്ങുകയാണ്.സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം ബംഗാള്‍ പൊലീസ് വളഞ്ഞ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസില്‍ കേന്ദ്രസേനയായ സിആര്‍പിഎഫിനെ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു.ബംഗാള്‍ പൊലീസില്‍ നിന്നും സുരക്ഷവേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്രസേനയെ ഇറക്കിയത്.തന്നെയും കുടുംബത്തെയും പോലീസ് തടഞ്ഞിരിക്കുകയാണെന്ന് കൊല്‍ക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ ഫോണില്‍ മാധ്യമങ്ങളോട് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും അവര്‍ നശിപ്പിക്കുമെന്ന ഭയമുണ്ടെന്നും പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്നും മൊഴിയെടുക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക വൈകുന്നേരത്തോടെ സിബിഐ എത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്.ഏറെ വിവാദമായ ശാരദ ചിട്ടി കേസ്,റോസ് വാലി കേസ് എന്നിവ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘങ്ങളുടെ തലവനായിരുന്നു രാജീവ് കുമാര്‍.എന്നാല്‍ രാജീവ്കുമാറിന്റെ വസതിക്ക് മുന്നില്‍ വച്ചു സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സിബിഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു.