തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇടതു വലതു മുന്നണികൾ ഒരുമിച്ചു പ്രതിഷേധം നടത്തിയത് കേരള രാഷ്ട്രീയത്തിൽ ഉയർത്തി വിട്ട കൊടുങ്കാറ്റ് ചെറുതൊന്നുമല്ല.എന്നും സി പി എമ്മിനെയും പിണറായിയേയും തുറന്നെതിർക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ കമ്മ്യുണിസ്റ് വിരുദ്ധതയിൽ വെള്ളം ചേർക്കാൻ ഒട്ടും തയ്യാറായില്ല.പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പിണറായി നേതൃത്വം നൽകിയ പ്രതിഷേധത്തിൽ സഹകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും സി പി എം സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചിരുന്നു .സി പി എമ്മിനെതിരെ നിലപാടെടുത്ത മുല്ലപ്പള്ളി രാമചന്ദ്രനെ സി പി എം വിമർശിക്കുകയും ചെയ്തു .അതിനു ശേഷവും സി പി എമ്മിനെ വിമർശിക്കുന്നതിൽ ഒരു പിശുക്കും മുല്ലപ്പള്ളി കാട്ടിയില്ല .ഒടുവിൽ മുല്ലപ്പള്ളിക്ക് സമനില തെറ്റി എന്ന് സി പി എം സംസ്ഥാന സെക്രെട്ടറിയറ്റ് രൂക്ഷമായി വിമർശിച്ചു .ഇപ്പോൾ സി പി എമ്മിന്റെ ആരോപണങ്ങൾക്ക് പിണറായിക്കു സ്തുതിപാടാൻ തന്നെ കിട്ടില്ല എന്ന മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി .സി പി എമ്മുമായി യോജിച്ചാൽ ആ പാർട്ടി കൊന്നുതള്ളിയ യുവാക്കളുടെ ആത്മാക്കൾ പൊറുക്കില്ല .പിണറായിക്കും സി പി എമ്മിനും സ്തുതിപാടാനല്ല തൻ കെ പി സി സി അധ്യക്ഷ പദവിയിലിരിക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി .ന്യുനപക്ഷ സംരക്ഷകൻ എന്ന പിണറായിയുടെ പ്രതിച്ഛായ നിർമ്മാണത്തെയും മുല്ലപ്പള്ളി വിമർശിച്ചു .നാദാപുരത്തു മാത്രം ന്യുനപക്ഷ വിഭാഗത്തിൽ പെട്ട ഏഴ് പേരെയാണ് സി പി എം കൊന്നൊടുക്കിയത് .അരിയിൽ ഷുക്കൂറിനെ കൊന്നത് ഏതു പാർട്ടിയാണ് എന്നും മുല്ലപ്പള്ളി ചോദിച്ചു .തലസ്ഥാനത്തെ സംയുക്ത സമരവേദിയിൽ പിണറായി വിജയൻ ദീർഘമായി സംസാരിച്ചെങ്കിലും ഒരിക്കൽ പോലും മോദിയുടെയോ അമിത് ഷായുടെയോ പേര് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു .പ്രളയ സഹായവും കേരളത്തിന് കിട്ടേണ്ട ജി എസ് ടി വിഹിതം നല്കാത്തതിനോ കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം പിണറായി പറഞ്ഞിട്ടില്ല .പൗരത്വ നിയമത്തിനു വേണ്ടി വാദിക്കുന്ന ഗവർണർക്കു പിണറായി മറുപടി നൽകിയിട്ടില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി .