കൊച്ചി:തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്കു പോയ സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ബസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസിന്റെ നിര്‍ദേശം. മരട് പോലീസാണ് ബസ് ഹാജരാക്കാനും ഒപ്പം യാത്രക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പോയ ബസ് ഹരിപ്പാട് വച്ച് തകരാറിലായതിനെത്തുടര്‍ന്നാണ് പ്രശ്നമുണ്ടായത്.ബസ് റോഡില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന് ജീവനക്കാരോട് കയര്‍ത്തു സംസാരിച്ച ചെറുപ്പക്കാരെ ഡ്രൈവറും മറ്റു ചിലരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കല്ലട ട്രാവത്സിന്റെ ബസില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ഹരിപ്പാട് നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്നയാളാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
യാത്രക്കാര്‍ മണിക്കൂറുകേളാളം റോഡില്‍ ഇരുട്ടില്‍ നിന്നെങ്കിലും ബസുടമകള്‍ പകരം യാത്രാ സംവിധാനം ഒരുക്കിയില്ല.എല്ലാ യാത്രക്കാരെയും വാഹനത്തില്‍ നിന്നും പുറത്തിറക്കിയ ജീവനക്കാര്‍ എന്നാല്‍ കൃത്യമായി ഒന്നും പറഞ്ഞതുമില്ല.ഇതേത്തുടര്‍ന്ന് രണ്ട് ചെറുപ്പക്കാര്‍ ഡ്രൈവറോട് കയര്‍ത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നല്കാന് ജീവനക്കാര്‍ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണില്‍ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസില്‍ ചെറുപ്പക്കാര്‍ വിളിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.അരമണിക്കൂര്‍ അവിടെ നിന്നശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് പകരം ബസെത്തി യാത്ര തുടരുന്നത്.
പുതിയതായി എത്തിയ ബസില്‍ യാത്ര തുടരുന്നതിനിടെ വലിയ ഒച്ച കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും അപ്പോള്‍ കണ്ടത് ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലഞ്ച് പേര് ചേര്‍ന്ന് നേരത്തേ ബസ് ഡ്രൈവറോട് ദേഷ്യപ്പെട്ട ചെറുപ്പക്കാരെ സിനിമ സ്റ്റൈലില്‍ മര്‍ദ്ദിക്കുന്നതായിരുന്നു. തുടര്‍ന്ന് ഈ ചെറുപ്പക്കാരെയും വണ്ടിയുടെ മുന്‍ സീറ്റുകളിലുരുന്ന കുറച്ച് ആളുകളെയും ഇവര്‍ ബസില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയെന്നും പോസ്റ്റില്‍ ജേക്കബ് പറയുന്നു.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്, തിരുവനന്തപുരം സ്വദേശി അജയ്ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. അജയ്ഘോഷ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരട് പൊലീസ് കേസെടുത്തത്.