ദില്ലി:മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.67 വയസ്സായിരുന്നു.വൃക്കരോഗം ബാധിച്ച സുഷമാ സ്വരാജ് ഏറെ നാളായി ചികില്‍സയിലായിരുന്നു.കഴിഞ്ഞ ബിജെപി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്തിയായിരുന്ന സുഷമാ സ്വരാജ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് ഇത്തവണ ഇത്തവണ തെരഞ്ഞെടുപ്പു മല്‍സരത്തില്‍ നിന്നും വിട്ടുനിന്നത്.
ബിജെപിയുടെ കരുത്തയായ വനിതാ നേതാവായ സുഷമാ സ്വരാജ് ഒന്നാം മോദി മന്ത്രിസഭയില്‍ വിദേശകാര്യം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ജനപ്രിയ നിലപാടുകളിലൂടെ ഏവരുടേയും പ്രശംസയും സ്നേഹവും ഏറ്റുവാങ്ങി.ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായ സുഷമാ സ്വരാജ് ഹരിയാനയില്‍ ദേവിലാല്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.
ഹരിയാനയിലെ പാല്വാല് എന്ന സ്ഥലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഹര്‍ദേവ് ശര്‍മ്മയുടെ മകളായാണ് സുഷമാ സ്വരാജിന്റെ ജനനം. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛികമെടുത്ത് ബിരുദം നേടി.പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകയായി.1970-ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. 1990 ല്‍ രാജ്യ സഭാംഗമായിരുന്നു. 1996 ല്‍ ദക്ഷിണ ഡെല്‍ഹിയില്‍ നിന്നും ലോകസഭയിലേക്ക് സുഷമ തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ്സിലെ പ്രബലനായിരുന്ന കപില്‍ സിബലിനെ പരാജയപ്പെടുത്തിയിട്ടാണ്.13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആ മന്ത്രിസഭയില്‍ സുഷമ, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായിരുന്നു. തുടര്‍ന്ന് നടന്ന് തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച സുഷമ 12-ആം ലോകസഭയിലേക്കു തിരിച്ചെത്തി വാജ്പേയി മന്ത്രി സഭയില്‍ വീണ്ടും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായി.
1998 ല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച് സുഷമ സ്വരാജ് ഡെല്‍ഹി നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച് ഡെല്‍ഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1999 ല്‍ കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ നിന്നും സോണിയാ ഗാന്ധിക്കെതിരേ മത്സരിച്ച് സുഷമ സ്വരാജ് പരാജയപ്പെട്ടു. 2000 ത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും സുഷമ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2003 ജനുവരി വരെ സുഷമ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ മന്ത്രി ആയിരുന്നു. പിന്നീട്, ജനുവരി 2003 മുതല്‍ മെയ് 2004 വരെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി മാറി.
2006 ല്‍ സുഷമ വീണ്ടും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശിലെ വിദിഷ മണ്ഡലത്തില്‍ നിന്നും സുഷമ വീണ്ടും ലോക്സഭയിലെത്തി. സുപ്രീംകോടതിയിലെ മുതിര്‍ന്ന വക്കീലായ സ്വരാജ് കൗശലാണ് സുഷമയുടെ ഭര്‍ത്താവ്.1990-1993 കാലഘട്ടത്തില്‍ മിസോറാം സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു സ്വരാജ് കൗശല്‍ 1998 മുതല്‍ 2004 വരെ പാര്‍ലമെന്റംഗവുമായിരുന്നു.ഏക മകള്‍ ഭാന്‍സുരി സ്വരാജ് സുപ്രീംകോടതിയില്‍ അഭിഭാഷകയാണ്.