മുംബൈ:ടെലിവിഷന്‍ ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനേയും ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.ഓസ്ട്രേലിയന്‍ പര്യടനത്തിനു പോയ താരങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതായി ബിസിസിഐ ഉന്നതാധികാര സമിതി അംഗം വിനോദ് റായ് പറഞ്ഞു.
‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിലായിരുന്നു ഇരുവരും വിവാദ പരാമര്‍ശം നടത്തിയത്. 18ാം വയസില്‍ തന്റെ മുറിയില്‍ നിന്നും കോണ്ടം കണ്ടെത്തിയതിന് അമ്മ ശകാരിച്ചു. എന്നാല്‍ ഞാന്‍ സുരക്ഷിതനായിരിക്കും എന്ന ഉപദേശമാണ് അച്ഛന്‍ നല്‍കിയത് എന്നാണ് രാഹുല്‍ പറഞ്ഞത്. ക്ലബുകളില്‍ പാര്‍ട്ടികള്‍ക്കെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ പേര് ചോദിക്കാത്തത് എന്തെന്ന് ഹര്‍ദിക്കിനോട് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലാണ് തന്റെ ശ്രദ്ധ എന്നായിരുന്നു മറുപടി.
ഇരുവരുടേയും പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ബിസിസിഐ ഇരുവരോടും വിശദീകരണം തേടിയിരുന്നു.രണ്ടുപേരും മാപ്പപേക്ഷിച്ചെങ്കിലും ബിസിസിഐ അംഗീകരിച്ചില്ല.ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചത്.ഇനി ഏകദിനത്തില്‍ രണ്ടുപേര്‍ക്കും കളിക്കാനാവില്ല.