ദുബായ്: ദുബായ് എമിറേറ്റിന്റെ ഡിജിറ്റല്‍ സമ്പത്ത് സംരക്ഷിക്കാനും സ്മാര്‍ട് സംവിധാനങ്ങളുടെ ഏകോപനത്തിനും ദുബായ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ഡേറ്റ വെല്‍ത്ത് പദ്ധതികള്‍ക്കു തുടക്കമായി. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി ഉത്ഘാടനം ചെയ്തത്.
ഡിജിറ്റല്‍രംഗത്തെ നൂതനസംവിധാനങ്ങളും രേഖകളും രാജ്യത്തിന്റെ പൊതുസ്വത്താണെന്നും ഇതു സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 2021 ആകുമ്പോഴേക്കും പൂര്‍ണമായും ഈ സംവിധാനത്തിന്റെ പരിധിയിലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലെ സ്മാര്‍ട് ദുബായ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദിന് ആദ്യ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട് ദുബായ് ഓഫിസ് (എസ്ഡിഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ആയിഷ ബിന്ത് ബുത്തി ബിന്‍ ബിഷര്‍ നല്കി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും പങ്കെടുത്തു.
മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു ദുബായ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ ഈ ശൃംഖലയുടെ ഭാഗമാക്കാനും ഇതിലൂടെ കഴിയും.