തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്.തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നതില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വിലക്കേര്‍പ്പെടുത്തിയത്.കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലേപ്പോലെ സംസ്ഥാനത്താകെ സ്റ്റുഡന്റ്‌സ്‌ മാര്‍ക്കറ്റുകള്‍ തുറക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പദ്ധതി.ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അധ്യക്ഷന്‍. എന്നാല്‍ ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചപ്പോഴാണ് ഉദ്ഘാടന ചടങ്ങ് നടത്താനാകില്ലെന്ന് ടിക്കാറാം മീണ അറിയിച്ചത്.