തിരുവനന്തപുരം:അണ്ണാറക്കണ്ണനും തന്നാലായത് എന്ന പാഠമുള്‍ക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ വക 1 ഒരു ലക്ഷം രൂപ.സ്വന്തമായി ഒരു വീടുപോലുമില്ലെങ്കിലും ദുരിതത്തിലായ ജനതയെ സഹായിക്കേണ്ടത് കടമയാണെന്നു കരുതുന്നെന്നും ജോയ്മാത്യു.ഫേസ് ബുക്കിലൂടെയാണ് ജോയ്മാത്യു വിവരം പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
അണ്ണാറക്കണ്ണനും തന്നാലായത്
എന്നത് സ്കൂളില്‍ പഠിച്ച ഒരു പാഠമാണ്.അത് പ്രായോഗികമാക്കേണ്ട സമയം ഇതാണെന്നു തോന്നി.ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവില്‍ ജീവിച്ചുപോരുന്ന എനിക്കുണ്ടെന്ന് തോന്നി .
തന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത്.അല്ലാതെ ഞാന്‍ ഇത്ര രൂപ സംഭാവന കൊടുത്തു എന്ന പേരിനോ പ്രശസ്തിക്കോ വേണ്ടി അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ .
ഒരു കേരളീയന് എന്ന ഉത്തരവാദിത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്നാല്‍ കഴിയുന്ന സംഭാവന ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാനും കുടുംബവും വിശ്വസിക്കുന്നു.കോടികളുടെ ആസ്തിയോ എന്തിനു,ഇപ്പോഴും
സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവനാണ് ഞാന്‍.എങ്കിലും കയറിക്കിടക്കാന്‍ ഇടമുണ്ട് .ഇന്ന് അതുപോലും ഇല്ലാത്ത ആയിരക്കണക്കിന് മനുഷ്യര്‍,അതില്‍ ഭൂരിഭാഗവും നമ്മളെ ഊട്ടുന്ന കൃഷിക്കാര്‍ ,അവര്‍ക്ക് വേണ്ടി ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെന്താണ് ചെയ്യാന്‍ കഴിയുക ?അതിനാല്‍ എന്റെ കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച ഒരു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്തോഷപൂര്‍വ്വം സംഭാവന ചെയ്യുന്നു .
സംഭാവന തന്നവര്‍
ഞാന്‍ 50000
ഭാര്യ സരിത 30000
മകന് മാത്യു ജോയ് 10000
മകള്‍ ആന്‍ എസ്തര് 8000
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ താന്യ മരിയ 2000 (എന്നോട് തന്നെ കടം വാങ്ങിയത് )
അങ്ങിനെ എല്ലാം കൂടി ഒരു ലക്ഷം രൂപ .
അണ്ണാറക്കണ്ണനും തന്നാലാകുന്നത് ഇങ്ങിനെയൊക്കെയല്ലേ ?