[author ] നിസാര്‍ മുഹമ്മദ്[/author]തിരുവനന്തപുരം: കായിക രംഗത്തെ സംഘടനകള്‍ക്കെതിരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കര്‍ശന നടപടി എടുത്തതോടെ വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കേണ്ട കായികതാരങ്ങളുടെ  ഭാവി തുലാസിലായി. സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയും മറ്റ് ആറ് കായിക സംഘടനകളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനുമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനം.
ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ നടപടി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം ഉടനടി ദേശീയ ഫെഡറേഷനെ അറിയിക്കുമെന്ന് ടി.പി ദാസന്‍ അറിയിച്ചു. ചെസ്, കബഡി, വുഷു, സൈക്കിള്‍ പോളോ, ബോക്‌സിങ്, റോളര്‍ സ്‌കേറ്റിങ് എന്നീ അസോസിയേഷനുകളെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. 
സംസ്ഥാന കായിക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും തിരുത്താന്‍ അവസരം നല്‍കിയിട്ടും അതിന് തയാറാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയത്. പി.സി ചാര്‍ളി പ്രസിഡന്റും നാലകത്ത് ബഷീര്‍ സെക്രട്ടറിയുമായ ഭരണസമിതിയാണ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ഭരിക്കുന്നത്. കായിക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അസോസിയേഷനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരത്തെ തന്നെ സസ്‌പെന്റ് ചെയ്തിരുന്നതാണ്. 
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയ വിശദമായ പരിശോധനയില്‍, സംസ്ഥാന കായിക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് വോളിബാള്‍ അസോസിയേഷന്റെ ബഹുഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും മിക്ക ജില്ലാ ഭാരവാഹികളും 12 വര്‍ഷത്തിലേറെ കാലം തുടര്‍ച്ചയായി ഒരേപദവിയില്‍ തുടരുന്നതായി കണ്ടെത്തി. അസോസിയേഷന്‍ സംസ്ഥാന-ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന വോളിബാള്‍ കളിക്കാര്‍ ആയിരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ലംഘിക്കപ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞു. തെറ്റുകള്‍തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാത്ത സാഹചര്യത്തിലാണ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കാന്‍ തീരുമാനിച്ചിത്. ഇതോടെ അസോസിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലാതാകും. നടപടി വിവരം അറിയിക്കുന്നതിന് അനുസരിച്ച് പകരം സംവിധാനം ഒരുക്കേണ്ടത് ദേശീയ  വോളിബാള്‍ ഫെഡറേഷനാണെന്നും ടി.പി ദാസന്‍ വ്യക്തമാക്കി.
അതേസമയം, അസോസിയേഷനുകളെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ ഉടന്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ കായികതാരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം നഷ്ടമാകും. പിരിച്ചുവിട്ട നടപടി ദേശീയ ഫെഡറേഷന്‍ അംഗീകരിച്ച് അഡ്‌ഹോക്ക് കമ്മിറ്റികളെ നിയോഗിക്കുകയെന്നതാണ് അടുത്ത നടപടി. ഇതിന് കാലതാമസം ഉണ്ടായാല്‍ നിരവധി താരങ്ങളുടെ ഭാവി തുലാസിലാകും. ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ടി.പി ദാസന്‍ വ്യക്തമായി പ്രതികരിച്ചില്ല. കുട്ടികളുടെ അവസരം നഷ്ടപ്പെടുമെന്ന കാരണത്താല്‍ അസോസിയേഷനുകള്‍ക്കെതിരെ നടപടി എടുക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.