കൊച്ചി:സ്റ്റേജ് ഷോയുടെ പേരില്‍ താര സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ തുറന്ന പോരിലേക്ക്.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി നടത്തുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനായി നഷ്ടം സഹിച്ച് താരങ്ങളെ വിട്ടു നല്‍കാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.നിലപാടറിയിച്ച് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അമ്മ നേതൃത്വത്തിനു കത്തു നല്കി. പ്രളയ ദുരന്തം സിനിമാ വ്യവസായത്തെയും വളരെയധികം ബാധിച്ചുവെന്നും ഇതു മൂലം കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് പോലും പൂര്‍ത്തിയായ ചിത്രങ്ങള്‍ റിലീസുചെയ്യാന്‍ കഴിയാതെ വരികയും പല ചിത്രങ്ങളുടെയും ചിത്രീകരണം പോലും മുടങ്ങിപ്പോകുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്നുണ്ടായ നഷ്ടം ഒരു വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്നതിനുമപ്പുറമായിരുന്നുവെന്നും കത്തില്‍ പറയുന്നു.
സംഘടന മുന്‍കൈയെടുത്ത് ദുരന്തത്തില്‍ നിന്നും കരകയറാനുള്ള തീവ്രയഞ്ജമാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങളുടെ റിലീസുകളും ചിത്രീകരണങ്ങളുമെല്ലാം പുനഃക്രമികരിച്ചു.ഇതില്‍ ഏതെങ്കിലും വിധത്തില്‍ തടസം നേരിട്ടാല്‍ ക്രമീകരണങ്ങള്‍ പാടെ തെറ്റും.ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നല്‍കുന്നതിനായി 2018 ഡിസംബര്‍ ഏഴിന് അമ്മ ഷോ നടത്തുന്നുവെന്നും ഷോയക്കും റിഹേഴ്സസലിനുമായി ചിത്രങ്ങളുടെ ചിത്രീകരണം നിര്‍ത്തിവെച്ച് ഒരാഴ്ച അഭിനേതാക്കളെ ഷോയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കന്നത്.ഇത് സംബന്ധിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് നിര്‍ദേശം നല്‍കിയത് തികച്ചു തെറ്റായ പ്രവണതയാണെന്നും നിര്‍മാതാക്കളുടെ സംഘടന അമ്മ സെക്രട്ടറിക്ക് നല്കിയ കത്തില്‍ പറയുന്നു.
പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു.എന്നാല്‍ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന തങ്ങളോട് വീണ്ടും വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളു എന്നു പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാവില്ല.ഷോ നടത്താതെ തന്നെ അമ്മയക്ക് നിസാരമായി അഞ്ചു കോടി രൂപ ഉണ്ടാക്കി നല്കാന് കഴിയുമെന്നു തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും നിര്‍മ്മാതാക്കളുടെ കത്തില്‍ വ്യക്തമാക്കുന്നു.