ആലപ്പുഴ:സൗമ്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്.ഇന്നലെ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് അജാസിന്റെ വെളിപ്പെടുത്തല്‍.കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും അജാസ് പറഞ്ഞു.
ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികില്‍സയിലാണ്. ശനിയാഴ്ചയാണ് ആലപ്പുഴ വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്പാകരനെ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ ആയ അജാസ് പെട്രോളൊഴിച്ചു തീ കൊളുത്തിക്കൊന്നത്.
കാഞ്ഞിപ്പുഴയില്‍ വച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്ത്തുകയായിരുന്നു.അജാസിനെ കണ്ട് സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ വീടിനു മുന്നില്‍ വച്ച് അജാസ് സൗമ്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.ആത്മഹത്യ ചെയ്യാനായി അജാസ് സ്വന്തം ശരീരത്തും പെട്രോളൊഴിച്ചു. നാല്‍പ്പതു ശതമാനം പൊള്ളലേറ്റാണ് ഇയാള്‍ ഇപ്പോള്‍ ആശുപ്രതിയില്‍ കഴിയുന്നത്.