തിരുവനന്തപുരം: വിവാദ കേസില്‍ അഖില ഹാദിയയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് പിതാവ് വനിതാ കമ്മീഷന്‍ അധ്യക്ഷയെ വിലക്കി. കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശന വിവരം അറിയിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടാണ് പിതാവ് അനിഷ്ടം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പൊലീസിനോട് കമ്മീഷന്‍ അധ്യക്ഷ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പിതാവിന് ഇഷ്ടമുള്ളവര്‍ മാത്രം അഖില ഹാദിയയെ സന്ദര്‍ശിച്ചാല്‍ മതിയെന്ന നിലപാട് തുടരുന്നത് ശരിയല്ലെന്നും സുപ്രീംകോടതിയില്‍ യുവതിയെ ഹാജരാക്കുന്ന തീയതിക്കു ശേഷവും ഈ സ്ഥിതി ഉണ്ടാകാന്‍ പാടില്ലെന്നും ചെയര്‍പെഴ്‌സണ്‍ എം.സി ജോസഫൈന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ചയയാണ് കമ്മീഷന്‍ അധ്യക്ഷ അഖില ഹാദിയയെ കാണാന്‍ നിശ്ചയിച്ചിരുന്നത്. യുവതി വീട്ടില്‍ സുരക്ഷിതയാണെന്ന് ദേശീയ കമ്മീഷന്‍ അധ്യക്ഷ പറയുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ ഫലപ്രദമാണെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം പുറത്തുള്ളവരുമായി സഹവസിക്കുന്നതില്‍ നിയന്ത്രണമുള്ള യുവതി വീട്ടില്‍ സന്തോഷവതിയാണെന്ന് കരുതാനാവില്ല. സുരക്ഷാ ഭീഷണി ഉള്ളതുകൊണ്ടാണ് മറ്റുള്ളവരെ യുവതിയെ കാണാന്‍ അനുവദിക്കാത്തതെന്നാണ് പിതാവ് പറയുന്നത്. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചാല്‍ ഉണ്ടാകാവുന്ന സുരക്ഷാ ഭീഷണി പിതാവ് വ്യക്തമാക്കേണ്ടതാണ്. 
സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് യുവതിയുടെ മേല്‍ ഒരു വിധത്തിലുള്ള സമ്മര്‍ദങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹിയിലേക്കുള്ള യാത്രാമധ്യേയും ദല്‍ഹിയിലും അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ജോസഫൈന്‍ പറഞ്ഞു.