സരിത എസ് നായര്‍, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്രിമരേഖ ചമയ്ക്കുകയും സോളാര്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നു  ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വാദം കേട്ട് ഫയലില്‍ സ്വീകരിച്ചു (ക്രിമിനല്‍ എംസി നമ്പര്‍ 7360/2017). തുടര്‍നടപടികള്‍ക്കായി കേസിന്റെ വിചാരണ ഡിസം. അഞ്ചിലേക്കു വച്ചു.

അഡ്വ സുധീര്‍ ജേക്കബ് വാദിയായി അഡ്വ ജോളി അലക്‌സ് ഫയല്‍ ചെയ്ത സ്വകാര്യ അന്യായമാണ് ഫയലില്‍ സ്വീകരിച്ചത്. സരിത എസ് നായരും ഗണേഷ് കുമാറും തമ്മില്‍ ഗൂഢാലോചന നടത്തി 21 പേജുള്ള യഥാര്‍ത്ഥ കത്തിനു പകരം മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടെ പേര് ഉള്‍പ്പെടുത്തിയ 25 പേജുള്ള വ്യാജരേഖ തയാറാക്കി കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയാണു ചെയ്തത്. 2015 മാര്‍ച്ച് 13ന് കൊട്ടാരക്കരയില്‍ വച്ചാണ് നാലു പേജുകള്‍ എഴുതിച്ചര്‍ത്തത്. ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. വ്യാജക്കത്തു ചമച്ചതിനെക്കുറിച്ച്  ഉടനടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കൊട്ടാരക്കര പോലീസിനു നിര്‍ദേശം നല്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

19.7.2013ല്‍ സരിത എഴുതിയ കത്ത് 23.7.13ല്‍ അഡ്വ ഫെനി പത്തനംതിട്ട ജയില്‍ വച്ച് സ്വീകരിച്ചതായി രസീത് നല്കിയിട്ടുണ്ട്. കത്തിന് 21 പേജായിരുന്നെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥ കുറുപ്പ് സോളാര്‍ കമ്മീഷനു മൊഴി നല്കി. എന്നാല്‍, 28.7.2013ല്‍ സരിത എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ മറ്റൊരു കത്തില്‍ തനിക്ക് പരാതിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. 21 പേജിനോടൊപ്പം  പിന്നീട് നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്ത 25 പേജുള്ള കത്താണു സരിത 6.6.2016ല്‍ കമ്മീഷനു നല്കിയത്. ഇതിലാണ് ലൈംഗിക ആരോപണവും കോഴ ആരോപണവും ഉള്ളത്.

കമ്മീഷന്‍ ഈ കത്ത് സേളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി  സ്വീകരിച്ചുകൊണ്ടാണ് മേല്‍നടപടിക്കു സര്‍ക്കാരിനു ശിപാര്‍ശ നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. പ്രസ്തു കത്ത് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്നതിനും തെറ്റായ തീരുമാനം എടുക്കുന്നതിനും വഴിയൊരുക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

അഡ്വ. ഫെനി ബാലകൃഷ്ണന്‍ 11.11.17ല്‍ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ വ്യാജക്കത്ത് ഉണ്ടാക്കിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രധാന മാധ്യമങ്ങളെല്ലാം അതു വിശദമായി റിപ്പോര്‍ട്ട് ചെയ്തു. സോളാര്‍ കമ്മീഷന്റെ മുമ്പാകെ വ്യാജക്കത്തിന്റെ കാര്യം ഉന്നയിക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും കമ്മീഷന്‍ അനുവദിച്ചില്ലെന്നു കമ്മീഷന്റെ രേഖകളില്‍ തന്നെ ഉണ്ടെന്നു അഡ്വ. ഫെനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മീഡിയയില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങള്‍ കത്തില്‍ ഉള്ളതാണോ എന്നു കമ്മീഷന്‍ ചോദിച്ചപ്പോള്‍, സരിതയുടെ പഴയ കത്തിനു വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്നതെന്നു താന്‍ കമ്മീഷനോടു പറഞ്ഞു. പുതിയ കത്ത് ഉണ്ടായ സാഹചര്യം എന്തെന്നു ചോദിച്ചെങ്കിലും അതിന് ഉത്തരം പറയാന്‍ തന്നെ കമ്മീഷന്‍ അനുവദിച്ചില്ല. താന്‍ നിലവില്‍ സരിതയുടെ അഭിഭാഷകനല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്.

വ്യാജരേഖ ചമയ്ക്കല്‍ ഏഴു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നു കുറ്റമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.