തിരുവനന്തപുരം:അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നതിന്റെ തെളിവാണ് വടകരയിലെ അക്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.സി ഒ ടി നസീറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തെ രമേശ് ചെന്നിത്തല അപലപിച്ചു.
വടകരയിലെ സിപിഎം വിമതനായ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് ഇന്ന് വെട്ടേറ്റിരുന്നു. വൈകുന്നേരം എട്ട് മണിയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ തലശ്ശേരി കയ്യത്ത് റോഡില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. പരുക്കേറ്റ നസീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മുന്‍ സിപിഎം കൗണ്‍സിലറായിരുന്ന നസീര്‍ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞശേഷമാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്.