കോഴിക്കോട്: അജ്ഞാതനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു.താമരശ്ശേരി പുതുപ്പാടി കൈതപ്പൊയിലുള്ള മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയാണ് (സജി കുരുവിള-53) കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയാണ് ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ അജ്താതനായ യുവാവ് ദേശീയപാതയോരത്ത് അങ്ങാടിയിലെ മുകളിലത്തെ നിലയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ കയറി കുരുവിളയെ അക്രമിച്ചത്.മുഖത്ത് മുളക്പൊടി വിതറിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.തീ ആളിക്കത്തിയപ്പോള്‍ സജി കുരുവിള താഴത്തേക്ക് ചാടി. ഓടിക്കൂടിയവര്‍ തീയണച്ചശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പൊള്ളലേറ്റതിനാല്‍ ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് സ്ഥാപനത്തില്‍ വായ്പ ആവശ്യപ്പെട്ട് ഒരാള്‍ എത്തിയിരുന്നു.കൃത്യമായ രേഖകളില്ലാത്തതിനാല്‍ ഇയാള്‍ക്ക് പണം നല്‍കിയില്ല.പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാല്‍ കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.ഇയാളാണ് ആക്രമണം നടത്തിയതെന്ന് കുരുവിള പോലീസിനോട് പറഞ്ഞു.ഈ വീഡിയോ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.