കൊല്ലം:അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക ശിക്ഷയും കൊല്ലം പോക്സോ കോടതി വിധിച്ചു.3,20,000രൂപ പിഴയും അടയ്ക്കണം. ഓരോ ജീവപര്യന്തവും പ്രത്യേകം അനുഭവിക്കണം. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവായ രാജേഷാണ് പ്രതി. ഇയാള്‍ ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്നു വിലയിരുത്തിയ കോടതി പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയതാണെന്നും വ്യക്തമാക്കി.

2017 ആഗസ്റ്റ് 27 നാണ് സംഭവം നടന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടിയെ രാജേഷ് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തി.കുട്ടി മരിച്ചശേഷവും ഇയാള്‍ പീഡിപ്പിച്ചു.തുടര്‍ന്ന് മൃതദേഹം സമീപത്തുള്ള എസ്റ്റേറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.കുട്ടിയെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് അമ്മൂമ്മയുടെ മൊഴിയനുസരിച്ച് രാജേഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.