തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാനത്തെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും നിര്‍ധനര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കിവരുന്ന സൗജന്യ റേഷന്‍ വിതരണം ഇടതുസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതിന്റെ ആദ്യപടിയായി 29.06 ലക്ഷം പേരെ സൗജന്യ റേഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കി. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരുമാസത്തെ വിഹിതമായി ഇതുവരെ ലഭിച്ചിരുന്ന ഗോതമ്പും അരിയും ലഭിക്കണമെങ്കില്‍ അഞ്ചുരൂപ റേഷന്‍ കടക്കാരന് നല്‍കണം. ഇടതുസര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പുതിയ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ റേഷന്‍ വിതരണത്തില്‍ നിന്ന് പിങ്ക് കാര്‍ഡ് ഉടമകളായ 29.06 ലക്ഷംപേരെ ഒഴിവാക്കിയത്. ഒരു കിലോ ധാന്യത്തിന് ഒരുരൂപ നിരക്കിലാണ് ഇവരില്‍ നിന്ന് നിരക്ക് ഈടാക്കുന്നത്. അതേസമയം, റേഷന്‍ വ്യാപാരികള്‍ക്കുള്ള പാക്കേജ് നടപ്പാക്കുന്നതിന്റെ സാമ്പത്തികഭാരം ദരിദ്രജനവിഭാഗങ്ങളുടെ ചുമലില്‍ കെട്ടിവെയ്ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്.

റേഷന്‍ കടകളില്‍ ഇപോസ് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതാണ് സൗജന്യ റേഷന്‍ നിര്‍ത്തുന്നതിന് പിന്നിലുള്ള കാരണമായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ചൂണ്ടിക്കാട്ടിയത്. ഈ യന്ത്രങ്ങള്‍ ഓരോ കടകളിലും സ്ഥാപിക്കുന്ന മുറയ്ക്ക് അതാത് കടകളിലെ സൗജന്യറേഷന്‍ നിര്‍ത്തലാക്കും. ഇക്കാര്യങ്ങള്‍ റേഷന്‍ വ്യാപാരികളെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നടത്തിവന്നിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഇനി സംസ്ഥാനത്ത് സൗജന്യറേഷന്‍ ലഭിക്കുക 5.95 ലക്ഷം അന്ത്യോദയ അന്നയോജന വിഭാഗത്തിന് (മഞ്ഞ കാര്‍ഡുടമകള്‍) മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് പ്രതിമാസം ഏറ്റവും കുറഞ്ഞത് 16,000 രൂപ കമ്മീഷന്‍ ലഭിക്കുന്ന വിധത്തിലാകും പാക്കേജ് നടപ്പാക്കുന്നത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി കേന്ദ്രസഹായമാണ്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കുന്നതുതുവഴി 117.4 കോടി രൂപ സര്‍ക്കാറിന് ലഭിക്കും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാറിനുണ്ടാകുന്ന മൊത്തം ചെലവ് 349.5 കോടി രൂപയാണ്. നിലവില്‍ കമ്മീഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ.

റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. 45 ക്വിന്റലിന് താഴെ ധാന്യവില്‍പന നടത്തുന്ന റേഷന്‍ കടകളെ സമീപത്തുള്ള കടകളുമായി യോജിപ്പിക്കും. ഇതുവഴി സംസ്ഥാനത്ത് 2700 ഓളം കടകള്‍ അടച്ചുപൂട്ടേണ്ടിവരും. 45 മുതല്‍ 72 ക്വിന്റല്‍ വരെ ഭക്ഷ്യധാന്യം വില്‍ക്കുന്ന കടകള്‍ക്കാണ് 16,000 രൂപ നല്‍കുക. 72 മുതല്‍ 100 ക്വിന്റല്‍ വരെ 20,000 രൂപയും ലഭിക്കും. വില്‍പന കൂടുന്നതനുസരിച്ച് വേതനം കൂടും. ഇപോസ് മെഷീന്‍ സ്ഥാപിക്കുന്നതുവരെ ക്വിന്റലിന് 100 രൂപ നിരക്കില്‍ നിലവിലെ കമ്മീഷന്‍ തുടരും. ഈ മാസം അവസാനത്തോടെ കൊല്ലം കരുനാഗപ്പള്ളിയില്‍ ഇപോസ് യന്ത്രം സ്ഥാപിക്കുന്നതിന് തുടക്കമാകും. ഫെബ്രുവരിയോടെ സംസ്ഥാനത്തെ എല്ലാ കടകളിലും യന്ത്രം സ്ഥാപിക്കും. വാതില്‍പ്പടി വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും കൃത്യമായ അളവില്‍ ഭക്ഷ്യധാന്യം നല്‍കാത്ത സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാപാരികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.