മലപ്പുറം:ശബരിമലയില്‍ ഇതുവരെ അഞ്ചു സ്ത്രീകള്‍ കയറിയിട്ടുണ്ടെന്ന വാദവുമായി ബിന്ദു അമ്മിണി.നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പെടെ അഞ്ചുപേര്‍ മല കയറിയ ദൃശ്യങ്ങളും തെളിവുകളും കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ഇവ പുറത്തുവിടുമെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു പറഞ്ഞു.എന്തുകൊണ്ടാണ് രണ്ട് പേര് മാത്രമേ ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് സര്‍ക്കാര്‍ പറഞ്ഞതെന്നറിയില്ലെന്നും ബിന്ദു പറഞ്ഞു.
ഇനിയും ശബരിമലയില്‍ പോകുമെന്നും തന്റെ കുടുംബം എതിര്ചേരിയിലായത് ബിജെപിക്കാരുടെ സ്വാധീനം കൊണ്ടാണെന്നും കനകദുര്‍ഗ പറഞ്ഞു.സംഘ് പരിവാറില്നിന്നും ബിജെപിയില്‍ നിന്നും ഭീഷണിയുണ്ട്.തന്റെ ഭര്‍ത്താവിനെ സംഘപരിവാര്‍ പ്രവര്‍ത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്നെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് അവരുടെ ലക്ഷ്യം.കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ല.ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കനകദുര്‍ഗ പറഞ്ഞു.
വീട്ടില്‍ കയറാന്‍ കോടതി ഉത്തരവുമായി കനകദുര്‍ഗ എത്തുന്നതിനുമുന്പ് തന്നെ ഭര്‍ത്താവും മക്കളും മറ്റൊരു വീട്ടിലേക്കു മാറിയിരുന്നു.ഇപ്പോള്‍ കനകദുര്‍ഗ ഭര്‍തൃഗൃഹത്തില്‍ പോലീസ് സംരക്ഷണയില്‍ കഴിയുകയാണ്.