തിരുവനന്തപുരം:മഹാപ്രളയത്തില്‍ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പ്രതിക്കൂട്ടിലാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ ആക്രമണവുമായി പ്രതിപക്ഷം. അണക്കെട്ടുകളില്‍ നിന്നും തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തിരുത്തിയെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കഴിഞ്ഞ മഴക്കാലത്ത് അണക്കെട്ടുകളില്‍നിന്ന് എത്ര അളവില്‍ വെള്ളം തുറന്നു വിട്ടെന്ന് കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.ഈ റിപ്പോര്‍ട്ടുകളില്‍ തുറന്നുവിട്ട വെള്ളത്തിന്റെ കണക്കില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്ന ആവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.