കോട്ടയം:കെവിന്‍ കൊലക്കേസില്‍ ഓഗസ്റ്റ് 14ന് വിധി പറയും.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായി.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ സിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ റെക്കോര്‍ഡ് വേഗത്തില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനായി.കേസില്‍ 113 സാക്ഷികളെ വിസ്തരിച്ചു.നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും ഉള്‍പ്പെടെ 14 പേരാണ് ദുരഭിമാന ക്കൊലക്കേസിലെ പ്രതികള്‍.
കേസില്‍ 238 രേഖകളും 55 മുതലുകളും പരിശോധിച്ചു. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍, ഭീഷണി, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് 28 നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശിയായ കെവിന്റെ മൃതദേഹം തെന്‍മലയില്‍ പുഴയില്‍ കണ്ടെത്തിയത്.തലേദിവസം നീനുവിന്റെ സഹോദരനായ ഷാനുവും സംഘവും ചേര്‍ന്നാണ് കെവിനെ മാന്നാനത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. കെവിനൊപ്പം സൃഹൃത്തായ അനീഷിനെയും കൊണ്ടുപോയെങ്കിലും ഇയാളെ തിരികെ വിട്ടു.ഷാനുവിന്റെ സഹോദരിയായ നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ പക തീര്‍ക്കാനാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിന്‍ ദളിത് വിഭാഗക്കാരനും ദരിദ്രനുമായതു കൊണ്ടാണ് നീനുവിന്റെ കുടുംബക്കാര്‍ക്ക് എതിര്‍പ്പുണ്ടായത്.
കെവിന്‍ രക്ഷപ്പെടാന്‍ വേണ്ടി പുഴയില്‍ച്ചാടിയതാണെന്നു പ്രതിഭാഗം വാദിച്ചെങ്കിലും മുക്കിക്കൊന്നതിന് വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. വിചാരണയ്ക്കിടെ ചില സാക്ഷികള്‍ കൂറു മാറിയെങ്കിലും അതൊന്നും കേസിനെ ബാധിച്ചിട്ടില്ലെന്നാണ് കെവിന്റെ കുടുംബം കരുതുന്നത്.
കെവിന്റെ വിധവയായ നീനുവിനെ സര്‍ക്കാര്‍ ചെലവിലാണ് പഠിപ്പിക്കുന്നത്. ഇപ്പോള്‍ നീനു സംസ്ഥാനത്തിനു പുറത്ത് ബിരുദാനന്തര കോഴ്‌സ് ചെയ്യുകയാണ്.