പട്‌ന:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെപ്പോലെ നടക്കാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്നും, അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ഛത്തീസ്ഗഢിലും, രാജസ്ഥാനിലും മധ്യപ്രദേശിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പട്‌നയില്‍ നടത്തിയ ജന്‍ അകാംഷ റാലിയില്‍ പ്രഖ്യാപിച്ചു.നേരത്തേ രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തിരുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ബീഹാറിന്റെ തലസ്ഥാനമായ പട്നയിലെ ഗാന്ധി മൈതാനിയില്‍ സംഘടിപ്പിച്ച ജന്‍ അകാംഷ റാലി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമായി മാറി.സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവിനും ശരദ് യാദവിനുമൊപ്പം വേദി പങ്കിട്ട രാഹുല്‍ ഇരുവരെയും പ്രശംസിക്കുകയും ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ പരിഹസിച്ച രാഹുല്‍ ഒരു ലക്ഷം കോടി രൂപയുടെ കട ബാധ്യതയുള്ള അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കിയ മോദി കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ദിവസം പതിനേഴ് രൂപയാണെന്ന് പറഞ്ഞു.
മോദിയെയും നിതീഷ്‌കുമാറിനെയും പരാജയപ്പെടുത്തുന്നതിന് തേജസ്വിക്കും ലാലുപ്രസാദ് യാദവിനും മറ്റ് സഖ്യകക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് മുന്നില്‍ നിന്ന് പോരാടുമെന്നും,ലോക്സഭ തെരഞ്ഞെടുപ്പില്‍ നാല്‍പത് സീറ്റുകളിലും കോണ്‍ഗ്രസ് മുന്നേറുമെന്നും രാഹുല്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നാണ് റാലിയില്‍ സംസാരിച്ച തേജസ്വി യാദവ് പറഞ്ഞു.