തൃശ്ശൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിേലറിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.മോദിയെ പോലെ താന്‍ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല. ഒരു കാര്യം പ്രസംഗത്തില്‍ പറയുന്നുണ്ടെങ്കില്‍ അത് ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ച ശേഷം മാത്രമേ പറയുകയുള്ളുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ശ്രീലങ്കന്‍ നേവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളെല്ലാം മന്ത്രാലയത്തില്‍ ചര്‍ച്ചയാകും.നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്നവരാണ് മത്സ്യത്തൊഴിലാളികളെന്നും അവരുടെ ശബ്ദത്തിന് താന്‍ എപ്പോഴും ചെവികൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യതൊഴിലാളി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീടുകളും മട്ടന്നൂരിലെ ഷുഹൈബിന്റെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.തുടര്‍ന്ന് വിമാനമാര്‍ഗം കരിപ്പൂരില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന് റോഡുമാര്‍ഗം കോഴിക്കോട് കടപ്പുറത്ത് എത്തും.നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.6 ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ എ.കെ ആന്റണി,എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്,കെ.പി.സി.സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല,ഉമ്മന്‍ ചാണ്ടി,ഉല്‍പ്പടെയുള്ള യു.ഡി.എഫ് നേതാക്കള്‍ റാലിയില്‍ അണിനിരക്കും.തുടര്‍ന്ന് ആറുമണിക്ക് രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിച്ച് പോകും.