പാലക്കാട്:പീഡനപരാതിയില്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയമിച്ചതിനു പിന്നാലെ പി.കെ.ശശി എം.എല്‍.എ തന്റെ പൊതുപരിപാടികള്‍ റദ്ദാക്കി.ഇന്ന് വൈകിട്ട് ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങിലേക്ക് അനാരോഗ്യം കാരണം എത്തില്ലെന്ന് സംഘാടകരെ അറിയിച്ചു.മറ്റു പൊതു പരിപാടികളും റദ്ദാക്കിയതായി അറിയുന്നു.
വെള്ളിയാഴ്ച എം.എല്‍.എ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞിരുന്നു.19 അംഗ കമ്മിറ്റിയില്‍ മൂന്നു പേര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്.
പരാതിയെക്കുറിച്ച് ആരാഞ്ഞ മാധ്യമങ്ങളോട് തനിക്ക് ഇക്കാര്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ഇതുവരെ ശശി പറഞ്ഞുകൊണ്ടിരുന്നത്.ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്നതടക്കമുള്ള പി.കെ ശശിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകള്‍ ചര്‍ച്ചയായതിനു പിന്നാലെ പ്രകോപനപരമായ സംസാരം നിര്‍ത്തണമെന്ന് സംസ്ഥാനസെക്രട്ടേറിയറ്റ് ശശിക്കു താക്കീത് നല്‍കിയിരുന്നു.