ഉടനെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കണം എന്ന സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിന്റെ ഉത്തരവ് വന്നതോടെ ജേക്കബ് തോമസ്സിന്റെ ആദ്യ പ്രതികരണത്തിനായി മാധ്യമങ്ങൾ സമീപിച്ചപ്പോൾ സർക്കാരിനും മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു .വിധിയെ ജനങ്ങളുടെ വിജയമായി അദ്ദേഹം അവതരിപ്പിച്ചു. ജനങ്ങളാണ് സർക്കാർ എന്നും ചില കസേരയിൽ ഇരിക്കുന്ന തലപ്പത്തുള്ളവർ താനാണ് സർക്കാർ എന്നാണു കരുതുന്നത് എന്നും പറഞ്ഞത് പിണറായി വിജയനെ ഉദ്ദേശിച്ചു തന്നെയെന്ന് വ്യക്തം . ഇപ്പോൾ വന്നിരിക്കുന്ന ട്രൈബ്യുണൽ ഉത്തരവ് പകപോക്കലിനുള്ള മറുപടിയാണ് എന്നും ജേക്കബ് തോമസ് വിശദീകരിച്ചു .
ഇതൊക്കെയാണെങ്കിലും നിയമ പോരാട്ടത്തിൽ തൽക്കാലം അനുകൂല വിധി നേടിയെങ്കിലും മേൽക്കോടതികളിൽ അപ്പീൽ കൊടുത്തുകൊണ്ട് ജേക്കബ് തോമസിന്റെ തിരിച്ചു വരവ് തടയാനാകും സർക്കാർ നീക്കം .സസ്പെൻഷനിലായിരിക്കെ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് മാത്രമല്ല ജേക്കബ് തോമസ്സിന്റെ പല പരസ്യപ്രതികരണങ്ങളും കാരണം വീണ്ടും അദ്ദേഹത്തിനെതിരായ നീക്കങ്ങൾ കടുപ്പിക്കാൻ തന്നെയാകും സർക്കാർ തീരുമാനം .