തിരുവനന്തപുരം:അനുജത്തിയുടെ കുഞ്ഞിന് ചികില്‍സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ട് ആള്‍ക്ക് ഉടന്‍ മറുപടി നല്‍കി മന്ത്രി കെ.കെ.ശൈലജ.
തന്റെ അനുജത്തി ഇന്ന് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും കൊച്ചി അമൃത ആശുപത്രിയിലോ അല്ലെങ്കില്‍ ശ്രീചിത്രയിലോ ചികിത്സ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് ജിയാസ് മാടശ്ശേരി എന്നയാളാണ് മന്ത്രിയുടെ ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിച്ചത്.
ഉടന്‍ തന്നെ ജിയാസിന് മന്ത്രിയുടെ മറുപടി വന്നു.

”താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും.എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.ഹൃദ്യം പദ്ധതിക്കു വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.” എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. മന്ത്രിയുടെ ഇടപെടലിന് വലിയ കൈയ്യടിയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.