കോഴിക്കോട്:അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ സമരം ആരംഭിച്ചു. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’ എന്ന പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ച് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. അനാവശ്യമായി പിഴ ചുമത്തിയും മറ്റും സര്‍ക്കാര്‍ ദ്രോഹിക്കുന്നുവെന്നാണ് ബസുടമകളുടെ ആരോപണം.പരിശോധന അവസാനിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. നാനൂറിലേറെ ബസുകളാണ് അനിശ്ചിതകാലത്തേക്കു പണിമുടക്കുന്നത്. കല്ലട ബസില്‍ യാത്രക്കാര്‍ക്കു മര്‍ദനമേറ്റതിനു പിന്നാലെയാണ് അന്തര്‍സംസ്ഥാന ബസുകളിലെ നിയമലംഘനവും മറ്റും ചര്‍ച്ചയാവുന്നത്.യാത്രക്കാരുടെ പരാതികള്‍ കാരണം അന്തര്‍സംസ്ഥാന ബസ്സുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് അടുത്തിടെ പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍ച്ചയായി നിയമം ലംഘിക്കുകയും പിഴയടക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ബസ്സുകള്‍ പിടിച്ചെടുക്കാനാണ് തീരുമാനം.