[author ]നിസാര്‍ മുഹമ്മദ്[/author]
പനാജി: ഗോവയില്‍ ഇന്നലെ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വതിയും പ്രത്യേക പുരസ്‌കാരം നേടിയ ടേക്ക് ഓഫും മലയാളത്തിന് അഭിമാനമായി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയെ മികച്ച നടിയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന് 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നടി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തില്‍ സമീറയെന്ന ഇന്ത്യന്‍ നേഴ്‌സായി വേഷമിട്ട പാര്‍വതി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജൂറി വിലയിരുത്തി.
ഫ്രഞ്ച് ചിത്രമായ ബീറ്റ്‌സ് പെര്‍ മിനുട്ടാണ് (ബി.പി.എം) മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. എയ്ഡ്‌സിനെതിരെയുള്ള അവബോധ പ്രവര്‍ത്തനങ്ങളായിരുന്നു സുവര്‍ണ മയൂരം പുരസ്‌കാരം നേടിയ ബി.പി.എമ്മിന്റെ പ്രമേയം. ഇതേ ചിത്രത്തിലെ അഭിനയത്തിന് അര്‍ജന്റീനിയക്കാരനായ നഹേല്‍ പെരസ് ബിസ്‌കയാര്‍ട്ട് മികച്ച നടനുള്ള രജത മയൂരം നേടി.
ചൈനീസ് സംവിധായികയായ വിവിയന്‍ വൈറ്റ് ആണു മികച്ച സംവിധായിക. ഒരു ലൈംഗിക പീഡനം നേരിട്ടു കണ്ടതിനെത്തുടര്‍ന്ന് പിന്നീടുള്ള ദിവസങ്ങളില്‍ ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങളുടെ നേര്‍ചിത്രം വരച്ചു കാട്ടുന്ന ചൈനീസ് ചിത്രമായ ഏഞ്ചല്‍സ് വെയര്‍ വൈറ്റിന്റെ സംവിധായികയാണ് വിവിയന്‍ വൈറ്റ്. സ്വവര്‍ഗ പ്രണയവും എയ്ഡ്‌സും പ്രമേയമാക്കിയ ബി.പി.എം കഴിഞ്ഞ കാന്‍ ചലച്ചിത്രമേളയില്‍ നാല് അവാര്‍ഡുകള്‍ നേടിയിരുന്നു.
ഐ.സി.എഫ്.ടി. യുനെസ്‌കോ ഗാന്ധി അവാര്‍ഡ് മനോജ് കദാമ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ക്ഷിതിജ് എ ഹൊറൈസോണ്‍ കരസ്ഥമാക്കി. നവാഗത സംവിധായകനുള്ള രജത മയൂരത്തിന് ബൊലീവിയന്‍ ചിത്രമായ ഡാര്‍ക് സ്‌കള്‍ സംവിധാനം ചെയ്ത കീരോ റൂസോ അര്‍ഹനായി. സമഗ്ര സംഭാവനയ്ക്കുള്ള മേളയിലെ പുരസ്‌കാരം കനേഡിയന്‍ സംവിധായകന്‍ ആറ്റം ഇഗോയാനും ഇന്‍ഡ്യയിലെ ഈ വര്‍ഷത്തെ ചലച്ചിത്ര വ്യക്തിത്വത്തിനുള്ള പുരസ്‌കാരം നടന്‍ അമിതാഭ് ബച്ചനും സമ്മാനിച്ചു. സംവിധായകന്‍ മുസാഫര്‍ അലി ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയ പാര്‍വതി, അന്തരിച്ച സംവിധായകന്‍ രാജേഷ്പിള്ളയുടെ ഓര്‍മ്മകളില്‍ വിതുമ്പി. രാജേഷ്പിള്ളയെന്ന സംവിധായകന്റെ സ്വപ്‌നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ്‌നാരായണനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ പാര്‍വതി, ചിത്രം നെഞ്ചേറ്റിയ ഓരോ പ്രേക്ഷകരോടുമുള്ള കടപ്പാടും അറിയിച്ചു. ഇന്ത്യയിലെ നേഴ്‌സുമാര്‍ക്ക് വേണ്ടി പുരസ്‌കാരം സമര്‍പ്പിക്കുന്നതായും പാര്‍വതി പറഞ്ഞു.
കഴിഞ്ഞ ദിവസം നിറഞ്ഞ കയ്യടികളോടെയാണ് ടേക്ക് ഓഫിന്റെ ആദ്യപ്രദര്‍ശനം ഐനോക്‌സ് തിയേറ്ററില്‍ നടന്നത്. വിദേശ ചിത്രങ്ങളെ കടത്തിവെട്ടിയാണ് ‘ടേക്ക് ഓഫ്’ ഗോവയിലെത്തിയ സിനിമാ ആസ്വാദകരുടെയും ജൂറിയുടെയും മനം കവര്‍ന്നത്. നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ട ഈ മലയാള ചിത്രത്തിന് മേളയിലെ പ്രധാന പുരസ്‌കാരങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉറപ്പായിരുന്നു. മേളയില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ഇതുതന്നെയായിരുന്നു. മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പടെ മൂന്ന് വിഭാഗത്തിലാണ് ടേക്ക് ഓഫ് മാറ്റുരച്ചത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കും യുനസ്‌കോയുടെ ഗാന്ധി മെഡലിനായും ചിത്രം മത്സരിച്ചു.
ആദ്യപ്രദര്‍ശനത്തിന് ശേഷം ജൂറി ചിത്രത്തെ വിലയിരുത്തിയത് ‘ക്ലാസ് എന്റര്‍ടൈനര്‍’ എന്നായിരുന്നു. കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും കഥാപാത്രങ്ങളുമെല്ലാം വേറിട്ട അനുഭവങ്ങളായി. 2014ല്‍ ഇറാഖിലെ തിക്രിത്തില്‍ 46 ഇന്ത്യന്‍ നേഴ്‌സുമാരെ തീവ്രവാദികള്‍ തടങ്കലിലാക്കിയ യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ കഥാതന്തു. ഒന്നാംപകുതി മികച്ച തിരക്കഥയിലൂടെയും രണ്ടാം പകുതി അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിങ്ങിലൂടെയും ടേക്ക് ഓഫിനെ സമ്പന്നമാക്കി. സമീറയെന്ന കേന്ദ്രകഥാപാത്രമായി മാറിയ പാര്‍വതിയുടെ അഭിനയമികവ് വിദേശ ചലച്ചിത്രകാരന്മാരെ പോലും അമ്പരപ്പിച്ചു. ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന നേഴ്‌സുമാരുടെ ജീവിത ദുരിതങ്ങളുടെ ആവിഷ്‌ക്കാരത്തിന് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് പൂര്‍വ മാതൃകകളില്ലെന്നു ജൂറി വിലയിരുത്തി. കമല്‍ഹാസന്റെ വിശ്വരൂപം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായി തിളങ്ങിയ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ഗോവന്‍ ചലച്ചിത്രമേളയില്‍ ലഭിച്ചത്. യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി ഷാജികുമാറുമായി ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
നടന്‍ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവര്‍ മുഖ്യാതിഥികളായ സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും പങ്കെടുത്തു. രവീന്ദ്രനാഥ ടാഗോറിന്റെ
ജീവിതത്തെ അടിസ്ഥാനമാക്കി പാബ്ലോ സെസാര്‍ സംവിധാനം ചെയ്ത തിങ്കിങ് ഓഫ് ഹിം ആയിരുന്നു സമാപന ചിത്രം.
മികച്ച ചിത്രങ്ങളുടെ അഭാവവും കേരള ഹൈക്കോടതി വിധിയെപ്പോലും വെല്ലുവിളിച്ച സംഘാടന പിഴവും കൊണ്ട് വിവാദങ്ങളുടെ കല്‍യാട്ടമായി മാറിയ 48 ാമതു അന്താരാഷ്ട്ര ചലച്ചിത്രമേളയക്കാണു സമാപനമായത്. മറാത്തിയില്‍ നിന്ന് ഒന്‍പത് ചിത്രങ്ങള്‍ പനോരമയില്‍ ഉള്‍പ്പെട്ടപ്പോള്‍ ടേക് ഓഫും എസ് ദുര്‍ഗയും മാത്രമാണു മലയാളത്തെ പ്രതിനിധീകരിച്ചത്. ഇതില്‍ എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും സര്‍ക്കാര്‍ ഇടപെടലില്‍ മേളയില്‍ നിന്ന് പിന്‍വലിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് പനോരമ വിഭാഗം ജൂറി ചെയര്‍മാന്‍ സുജോയ്‌ഘോഷും മറ്റ് രണ്ടംഗങ്ങളും സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ന്യൂഡ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മേളയില്‍നിന്ന് നീക്കിയപ്പോള്‍ ബാഹുബലി 2, ജോളി എല്‍.എല്‍.ബി 2 തുടങ്ങിയ ചിത്രങ്ങള്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചു. ലോക സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാക് ചിത്രം സാവനും മേളയില്‍നിന്ന് ഒഴിവാക്കപ്പെട്ടു.
82 രാജ്യങ്ങളില്‍നിന്നുള്ള 195 ചിത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മത്സര വിഭാഗത്തിലെ 15 സിനിമകളില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ടേക്ഓഫ്, പ്രസാദ് ഓക് സംവിധാനം ചെയ്ത മറാത്തി ചിത്രം കാച്ച ലിംബു, റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ് എന്നിവയാണ് ഇന്‍ഡ്യയില്‍ നിന്ന് ഇടംപിടിച്ചത്. ഇന്‍ഡ്യന്‍ പനോരമാ വിഭാഗത്തിലേക്കുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പാണു വ്യാപക പരാതിക്കിടയാക്കിയത്.
അകി കരിസമാകിയുടെ ദി അദര്‍ സൈഡ് ഓഫ് ഹോപ്, കാസിം ഓസിന്‍െ്‌റ സെര്‍, അലക്‌സാഡ്രോസ് അവ്‌റാനസിന്‍െ്‌റ ലവ് മി നോട്ട്, മാജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ്, റൗള്‍ പെകിന്‍െ്‌റ ദി യംഗ് കാള്‍ മാര്‍ക്‌സ്, റിമ ദാസിന്റെ വില്ലേജ് റോക്സ്റ്റാര്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ മികച്ച പ്രതികരണം നേടി.