ഹേഗ്: അന്താരാഷ്ട്ര നീതിന്യായകോടതി(ഐസിജെ)യിലെ ജഡ്ജിമാരുടെ പാനലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ഐസിജെയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അവസാനനിമിഷം പിന്‍മാറിയതിനനെ തുടര്‍ന്നാണ് ഭണ്ഡാരിയുടെ തെരഞ്ഞെടുപ്പ് നടന്നത്. ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയുടെ വിജയം അറിയിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്രനീതിന്യായ കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാകുന്നത്. 15 അംഗ രാജ്യാന്തരകോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ മൂന്നു വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുക്കുന്നത്. ഒന്‍പതുവര്‍ഷമാണ് ജഡ്ജിയുടെ കാലാവധി.
2012 ഏപ്രില്‍ മുതല്‍ ഐസിജെയില്‍ പ്രവര്‍ത്തിക്കുന്ന ഭണ്ഡാരിയുടെ കാലാവധി അടുത്തവര്‍ഷം ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കെ അദ്ദേഹത്തെ വീണ്ടും ജഡ്ജിമാരുടെ പാനലിലേക്ക് ഇന്ത്യ ഔദ്യോഗികമായി നിര്‍ദേശിക്കുകയായിരുന്നു. ഇന്ത്യയില്‍ 20 വര്‍ഷം ജഡ്ജിയായിരുന്നു ജസ്റ്റീസ് ഭണ്ഡാരി. ഇന്ത്യന്‍ സുപ്രീംകോടതിയില്‍ മുതിര്‍ന്ന ജഡ്ജിയായി ദീര്‍ഘകാലം അദ്ദേഹം സേവനം ചെയ്തു. തന്റെ ആദ്യ കാലാവധിയില്‍ ഐസിജെ കോടതിയില്‍ വിവിധ അന്താരാഷ്ട്ര തര്‍ക്കവിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു.