തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തകോല്‍സവവും സാഹിത്യോല്‍സവവും സംഘടിപ്പിക്കുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച് ഒന്നു മുതല്‍ പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണ് പുസ്തകോത്സവം. പുസ്തകോത്സവത്തിനു സമാന്തരമായി മാര്‍ച്ച് ആറു മുതല്‍ പത്ത് വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വിവിധ വേദികളില്‍ അന്താരാഷ്ട്ര സാഹിത്യോത്സവവും സംഘടിപ്പിക്കും. കേരളത്തിലെ സാഹിത്യകാരന്മാരുടെ സഹകരണസംഘമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് സംഘാടകര്‍.

ഇന്ത്യയിലെ വിവിധ ഭാഷകളിലും വ്യത്യസ്ത വിഷയങ്ങളിലും പുസ്തക പ്രസിദ്ധീകരണം നടത്തുന്ന പ്രസാധകരുടെ സാന്നിദ്ധ്യത്തോടൊപ്പം അന്താരാഷ്ട്ര പ്രസാധകരും മേളയില്‍ പങ്കെടുക്കും. പുസ്തകങ്ങളുടെ വൈവിധ്യവും അനുബന്ധ കലാസാംസ്‌കാരിക പരിപാടികള്‍ കൊണ്ടും മേള ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ പരിപാടിയായി മാറുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തരായ എഴുത്തുകാരുടെ സാന്നിധ്യവും മേളയിലുണ്ടാകും. കേരളത്തിലെ പ്രസാധകര്‍ക്കും പുസ്തക വിപണിക്കും അന്താരാഷ്ട്ര വാണിജ്യസാംസ്‌കാരിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ജനങ്ങളുടെ വായനാഭിരുചി കൂടുതല്‍ വിപുലമാക്കാനും മേള ലക്ഷ്യം വയ്ക്കുന്നുണ്ട്.

സാഹിത്യോത്സവത്തില്‍ അറിയപ്പെടുന്ന സാഹിത്യസാംസ്‌കാരികവൈജ്ഞാനിക പ്രതിഭകള്‍ പങ്കെടുക്കുന്ന സെമിനാറുകളും ചര്‍ച്ചകളും നടക്കും. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന സംഗീത കലാ പ്രദര്‍ശനങ്ങളും, രാജ്യത്തെ വിവിധ പ്രാന്തങ്ങളിലെ ഭക്ഷണ രീതികള്‍ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവലും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ ഫെസ്റ്റിവല്‍ ലോഗോകളുടെ പ്രകാശനം 19ന് ധനമന്ത്രി തോമസ് ഐസക്ക് നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, കവി എസ് രമേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.