ഹൈദരാബാദിൽ ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു പച്ചയ്ക്ക് കത്തിച്ചു കൊന്ന വാർത്ത ഞെട്ടലോടും ആത്മരോഷത്തോടുമാണ് നമ്മൾ കേട്ടത്.
മനുഷ്യർക്ക് ഇങ്ങനെ പെരുമാറാൻ കഴിയില്ലെന്നും , ഇത് ചെയ്തത് ഇരുകാൽ മൃഗങ്ങളാണ് എന്നും നമ്മളോരുരുത്തരും കരുതി. ഇങ്ങനെയുള്ള വിഷ ജന്തുക്കൾ നമ്മുടെ സമൂഹത്തിൽ കുറവാണല്ലോ എന്നുള്ള ചിന്തയാണ് പെണ്മക്കൾ ഉള്ള ഓരോ പിതാവിന്റെയും സമാധാനം.
പക്ഷേ പുരുഷ മനസ്സ് എന്നത് ചീഞ്ഞളിഞ്ഞ ശവം പോലെ ആണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ തൊലി ഉരിഞ്ഞു പോകും പോലെ തോന്നി.
ആ സംഭവം നടന്ന് വെറും രണ്ടു ദിവസത്തിനുള്ളിൽ തന്നെ അശ്ലീല സൈറ്റുകളിൽ ,ആ പെൺകുട്ടിയുടെ ബലാത്സംഗ വീഡിയോക്ക് വേണ്ടി തിരച്ചിൽ നടത്തിയത് 80 ലക്ഷത്തോളം ആളുകളാണ് എന്നറിയുമ്പോഴാണ് നമ്മുടെ സാംസ്കാരിക അധഃപതനത്തിന്റെ ആഴം മനസ്സിലാകൂ.
ക്രൂരമായ പുരുഷാവേശങ്ങളുടെ ഇരയായാണ് സ്ത്രീ ഇന്ന് എന്നത് നടുക്കത്തോടെ ഞാൻ മനസ്സിലാക്കുന്നു.
സമൂഹത്തിന് അതിന്റെ സാംസ്കാരിക പൈതൃകം തന്നെ നഷ്ടമായി ക്കൊണ്ടിരിക്കുകയാണ്. മുമ്പ് നമ്മുടെ സമൂഹത്തിൽ തെറ്റും ശരിയും സംബന്ധിച്ച് ഒരു ബോധം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളത്.
സ്ത്രീയെ ഭോഗവസ്തുവായി കാണുന്ന പുരുഷാധിപത്യപരമായ അളിഞ്ഞ സംസ്കാരം സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ഒരു സാധാരണ ക്രൈം മാത്രമായി ലളിതവല്‍ക്കരിച്ച് കാണുകയാണ്.
ഇല്ല, എനിക്ക് പ്രതീക്ഷയില്ല. ഈ സമൂഹം സ്ത്രീയെ വെറും ശരീരമായി, ഭോഗ വസ്തുവായി മാത്രമേ കാണുന്നുള്ളൂ. സ്വന്തം അമ്മയും സഹോദരിയും ഭാര്യയും സ്ത്രീ ആണെന്ന ചിന്ത പോലും ഈ സമൂഹത്തിന് അന്യമായി കൊണ്ടിരിക്കുന്നു.
എവിടെയാണ് മാന്യതയുടെ അതിർവരമ്പുകൾ എന്ന് പോലും ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ഒരു പ്രാകൃത സമൂഹമായി നമ്മൾ മാറി കഴിഞ്ഞുവോ?
(ഡോ.ഷാനവാസ് എ ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ് )