കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞു.നിയമസഭാ സ്പീക്കര്‍ക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്നാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.കന്യാസ്ത്രീ നാളെ മാധ്യമങ്ങളെക്കാണുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ പി.സി.ജോര്‍ജിന്റെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതിനാല്‍ മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും വിഷമതകള്‍ മാറിയാല്‍ മാധ്യമങ്ങളെക്കാണുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.ധര്‍ണയില്‍ പങ്കെടുത്ത കന്യാസ്ത്രീകളെക്കുറിച്ചാണ് പി.സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്.പീഡനത്തിനിരയായ കന്യാസ്ത്രീക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ലെന്നും പീഡനം നടന്ന ദിവസംതന്നെ അവര്‍ കന്യകയല്ലായായെന്നുമാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.
സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.