വാഷിംഗ്ടണ്‍:ആ അത്യപൂര്‍വ്വക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് കാണാനാവും.
പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ടും നീണ്ടു നില്‍ക്കും.രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയില്‍ ഗ്രഹണം കാണാനാവുക.പുലര്‍ച്ചെ വരെ അദ്ഭുതക്കാഴ്ച കാണാനാവും.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലില്‍ നിന്ന് പുറത്ത് വരും.ഇനി ഇത്തരം ദൃശ്യം കാണണമെങ്കില്‍ 2025 വരെ കാത്തിരിക്കണം.
ഏഷ്യയിലും ആഫ്രിക്കയിലും പൂര്‍ണ ഗ്രഹണം ദൃശ്യമാകും.എന്നാല്‍ യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഗ്രഹണം ഭാഗീകമായിരിക്കും.സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത്.അതായത് ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മേല്‍ പതിയുമ്പോഴാണ് ഗ്രഹണമുണ്ടാകുന്നത്.
സൂര്യഗ്രഹണത്തെപ്പോലെ ഹാനികരമായ രശ്മികള്‍ ചന്ദ്രനില്‍ നിന്ന് ഗ്രഹണ സമയത്ത് പ്രഭവിക്കാത്തതിനാല്‍ ഗ്രഹണം നേരിട്ട് കാണുന്നതില്‍ കുഴപ്പമില്ല.