[author ]എ.ആർ.ആനന്ദ്[/author]തിരുവനന്തപുരം: നിലവിലെ നഗരസഭ ഭരണസമിതി നവംബർ പന്ത്രണ്ടിന് രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ നാല് ലക്ഷത്തിൽപരം അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളടക്കം കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ വരെ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിച്ചത് നിസാര കാരണങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയും കൃത്യസമയത്തുരേഖകൾ ഹാജരാകാത്തതുമായ മൂന്നു ലക്ഷത്തോളം അപേക്ഷകളും കെട്ടിക്കിടക്കുന്നു.ആരോഗ്യം, റവന്യു, ടൌൺ പ്ളാനിംഗ്, വനിതാ ശിശുക്ഷേമം തുടങ്ങി മറ്റു മേഖലകളിലും ഒരു ലക്ഷത്തോളം അപേക്ഷകൾ തീർപ്പാക്കാനുണ്ട്. നഗരസഭയുടെ ഫ്രണ്ട് ഓഫീസ് സംവിധാനം താറുമാറായ നിലയിലാണ്. കല്ലടി മുഖത്തു നിർമ്മാണം പൂർത്തിയാക്കിയ നാനൂറോളം ഫ്ലാറ്റുകളുടെ വിതരണം ചെയ്യുന്നതും ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയിൽ നൽകുന്ന അപേക്ഷകൾ നിസാര കാരണങ്ങളുടെ പേരിൽ നിരസിക്കുന്നതും കൈകൂലിയ്ക്കു വേണ്ടി ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നതും തടയാൻ കൈ കൊണ്ട നടപടിയും ഉദ്യോഗസ്ഥർ അട്ടിമറിച്ചു.ഓരോ മാസവും സമർപ്പിക്കപ്പെടുന്ന അപേക്ഷകളുടെ വിവരങ്ങൾ ടൗൺ പ്ളാനിങ്ങ് കമ്മിറ്റിയുടെ ശുപാർശയോടെ കൗൺസിൽ യോഗത്തിന്റെ പരിഗണയ്ക്കു വിടാൻ തീരുമാനിച്ചു എങ്കിലും അതും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. നിർമ്മാണ അനുമതി തേടിക്കൊണ്ടുള്ളതും നിർമ്മാണം പൂർത്തിയാക്കിയ ശേഷം ടിസി നമ്പർ ലഭിക്കുന്നതിനുമുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നവയിൽ കൂടുതൽ.നിസാര കാരണങ്ങളുടെ പേരിലാണു പലപ്പോഴും ഉദ്യോഗസ്ഥർ ഫയലുകൾ പിടിച്ചു വയ്ക്കുന്നത് .അപേക്ഷകൻ ഒട്ടേറെ തവണ നഗരസഭ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.അതേസമയം നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുവൻകിട കെട്ടിടങ്ങൾക്കു നിമിഷനേരം കൊണ്ട് പെർമിറ്റ് ലഭിക്കുകയും ചെയ്യും
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ കൗൺസിലർമാർ ഇതിനെതിരെ രംഗത്ത് വരുകയും ചെയ്തു.വിവിധ സോണൽ ഓഫീസുകളിൽ ക്ഷേമ പെൻഷനുകൾക്കായി സാധാരണക്കാർ നൽകിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.കേരള സംസ്ഥാന സേവനാവകാശ നിയമപ്രകാരം നിശ്ചിത സമയ പരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പു വരുത്തുന്നു. ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്ക് 500 മുതൽ 5000 രൂപ വരെ പിഴശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടു സേവനം വൈകി കാനുള്ള പ്രവണത ഇല്ലാത്താക്കാൻ കൊണ്ട് വന്ന നിയമം പോലും നോക്കൂ കുത്തിയാക്കുകയാണ് നഗരസഭ ഉദ്യോഗസ്ഥർ.