അബുദാബി: അബുദാബി പോലീസിന്റെ ഭാവിപദ്ധതികള്‍ വിശദമാക്കുന്ന പ്രദര്‍ശനത്തിലെ ആശയങ്ങള്‍ കേട്ടാല്‍ കൗതുകമുണരും. 2117ല്‍ അബുദാബി പോലീസിന് ചൊവ്വയില്‍ ആസ്ഥാനത്തിന്റെ മാതൃക തയ്യാറാക്കല്‍,, ലോകത്തെ ആദ്യ ചൊവ്വായാത്ര നടത്തുന്ന പോലീസ് സംഘത്തെ വാര്‍ത്തെടുക്കല്‍, ഡിജിറ്റല്‍ യാത്രാരേഖകള്‍ തയ്യാറാക്കല്‍ എന്നിങ്ങനെ പോകുന്നു ഭാവി പരിപാടികള്‍.
ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പ്രദര്‍ശനത്തില്‍ പോലീസിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളെക്കുറിച്ചും സാങ്കേതിക മേഖലയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വിശദീകരിച്ചു. 2030-2040 കാലഘട്ടത്തില്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതികളില്‍ പലതും ചൊവ്വയിലെ പോലീസിന്റെ യാത്ര ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.
ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സമഗ്ര പോലീസ് കേന്ദ്രമാണ് ഹ്രസ്വകാല ലക്ഷ്യങ്ങളില്‍ പ്രധാനമായത്. ബഹിരാകാശയാത്രയ്ക്ക് സജ്ജരായ പോലീസ് സംഘത്തെയാണ് ഇക്കാലയളവില്‍ കണ്ടെത്തും.
അബുദാബി പോലീസ് 2057 ല്‍ നൂറുവയസ്സ് തികയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന നേട്ടങ്ങളും അവതരിപ്പിച്ചു. സാറ്റലൈറ്റ് നിയന്ത്രിതമായ പോലീസ് വിവരശേഖരണ സൂക്ഷിപ്പ് സംവിധാനം, സേനയില്‍ അന്‍പത് ശതമാനം യന്ത്ര പോലീസുകള്‍, 50 ശതമാനം വരുമാനം സ്വയംകണ്ടെത്തല്‍, ഇന്ധനരഹിത സാങ്കേതികവിദ്യയിലൂന്നിയ പോലീസ് പട്രോളിങ് സംവിധാനം എന്നിവയെല്ലാമാണ് പ്രതീക്ഷിക്കുന്നത്.