ബെംഗലുരു: അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമാണെന്ന് ദേശീയ അവാര്‍ഡ് ജേതാവും നടനുമായ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനായി കാണുന്നത്. കമല്‍ ഹാസന്‍, രജനികാന്ത്, പവന്‍ കല്യാണ്‍, ഉപേന്ദ്ര തുടങ്ങിയ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പ്രകാശ് രാജ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പ്രശസ്തരാണെന്ന ഒറ്റ കാരണമല്ലാതെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിലപാട് പോലും സ്വീകരിക്കാത്തവരെ ജനം എങ്ങനെയാണ് വിശ്വസിക്കുക? വോട്ട് ചെയ്യുന്നവര്‍ ആരാധകര്‍ മാത്രമല്ലെന്നത് വിസ്മരിക്കരുതെന്നും രാജ്യത്തിന്റെ ഉത്തരവാദിത്ത്വമുള്ള പൗരന്മാരാണെന്നുള്ള വിഷയം വോട്ട് രേഖപ്പെടുത്തുന്നവര്‍ മറക്കരുതെന്നും പ്രകാശ് രാജ് പറഞ്ഞു.
താരങ്ങളുടെ രാഷ്ട്രീയ നിലപാട് എന്താണെന്നും പ്രകടന പത്രികയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്നും പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നും കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്നും പ്രകാശ് രാജ് ബെംഗലുരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. അഭിനേതാക്കളെന്ന നിലയില്‍ ഇവരോടെല്ലാം ആരാധനയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ നിലപാട് വിശദീകരിക്കാതെ ഇവരിലാര്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും പ്രകാശ് രാജ് വിശദമാക്കി.