കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്താനെത്തിയത് 15 അംഗ സംഘമെന്നും കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളെന്നും പൊലീസിന്റെ എഫ്‌ഐആര്‍.സംഘത്തിലെ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ പറയുന്നു.സംഘത്തില്‍ കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ ഒന്നാം പ്രതി മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദും ഉണ്ടെന്നും ഇത് വ്യക്തമാക്കുന്നു.പ്രതികള്‍ക്കെതിരെ ഐപിസി120(ബി), 143,148,341,506,323,324,326,307,302,149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എറണാകുളം നോര്‍ത്തില്‍ കാമ്പസ് ഫ്രണ്ടുകാര്‍ നടത്തുന്ന കൊച്ചിന്‍ ഹൗസ് എന്ന ഹോസ്റ്റലില്‍നിന്ന് മൂന്ന് പ്രതികളെ പിടികൂടിയത്.

അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പൊലീസ് നീക്കം തുടങ്ങി.ഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.ആദ്യം അറസ്റ്റിലായ രണ്ടും മൂന്നും നാലും പ്രതികളായ ബിലാല്‍ സജി(19), ഫറൂഖ് അമാനി(19), റിയാസ് ഹുസൈന്‍(37) എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഒളിവിലുള്ള വരെ തിരിച്ചറിയാന്‍ ഇവരെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ എസ്ഡിപിഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍ എടുത്തു.പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐക്കാരായ 22 പേരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇവരില്‍ നാലുപേര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സുചനയുണ്ട്.മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്ന് 49 പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസിലെ തീവ്രവാദ ബന്ധം എന്‍ഐഎ കൊച്ചി യൂണിറ്റ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടെന്ന് കുടുംബം ആരോപിച്ചു.

.