കൊച്ചി:അമൃത ആശുപത്രിയില്‍ കഴിയുന്ന പതിനഞ്ചു ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്ന് ആശുപത്രി അധികൃതര്‍. വിവിധ പരിശോധനാഫലങ്ങള്‍ ലഭിച്ചതിനുശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന് ഹൃദയവാല്‍വിന് ഗുരുതര തകരാറുണ്ട്. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക.
അതേസമയം ജീവനുവേണ്ടി പോരാടുന്ന പിഞ്ചുകുഞ്ഞിനുനേരെ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പരാമര്‍ശം നടത്തിയ ഹിന്ദുരാഷ്ട്രപ്രവര്‍ത്തകനായ ബിനില്‍ സോമസുന്ദരത്തിനെതിരെ പോലീസ് കേസെടുത്തു.
‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.പോസ്റ്റിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇയാള്‍ക്കെതിരെ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.മതസ്പര്‍ധയ്ക്കിടയാക്കും വിധം പോസ്റ്റിട്ടതിന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.