അമേഠി :അമേഠിയില്‍ സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത് ബിജെപിക്കാര്‍ തന്നെയെന്ന് പോലീസ്.കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയത്തിലെ കുടിപ്പകയാണെന്നും ഇയാളുടെ സഹപ്രവര്‍ത്തകര്‍ തന്നെയാണ് പ്രതികളെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.അഞ്ചുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പേര് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു .കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ബിജെപിയുടെ ആരോപണം ഇതോടെ പൊളിയുകയാണ്.
അമേഠിയിലെ ഗൗരി ഗഞ്ജില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവന് കൂടിയായ സുരേന്ദ്ര സിംഗ് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അക്രമികളാണ് സുരേന്ദ്ര സിങ്ങിനുനേരെ വെടിയുതിര്‍ത്തത്. പ്രതികളില്‍ ഒരാള്‍ക്ക് അമേതിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടായിരുന്നുവെങ്കിലും സുരേന്ദ്ര സിങ് എതിര്‍ത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നു പറയപ്പെടുന്നു.
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയതില്‍ പ്രധാന പങ്കുവഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി പ്രവര്‍ത്തകരും സുരേന്ദ്ര സിങിന്റെ കുടുംബവും ആവര്‍ത്തിച്ചിരുന്നു. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവന് കൂടിയായ സുരേന്ദ്രസിംഗ് 2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ സ്മൃതി ഇറാനിക്കൊപ്പം പ്രവര്‍ത്തിക്കുകയാണ്.