ഡാലസ്:അമേരിക്കയിലെ ഡാലസില്‍ ഷെറിന്‍ മാത്യൂസ് എന്ന ബാലികയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന വളര്‍ത്തമ്മയ്ക്ക് മോചനം.മലയാളിയായ സിനി മാത്യൂസാണ് പതിനഞ്ച് മാസത്തെ ജയില്‍ജീവിതത്തിനുശേഷം മോചിതയായത്.
ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.എന്നാല്‍ കൊലക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം.
സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചു എന്നാണ് സിനിയ്‌ക്കെതിരെ ചുമത്തിയിരുന്ന കേസ്. എന്നാല്‍ സിനി ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി എന്ന് അന്വേഷണസംഘത്തിന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാലാണ് സിനിയെ മോചിപ്പിച്ചത്.2016 ല്‍ ഒഡീഷയിലെ ഒരു ഓര്‍ഫനേജില്‍ നിന്നാണ് ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്.
2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.ഒക്‌ടോബര്‍ ഏഴിന് മൂന്നര വയസ്സുകാരിയായ ഷെറിനെ
റിച്ചഡ്‌സണിലെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നു.പാല്‍ കുടിക്കാത്തതിന്റെ ശിക്ഷയായി രാത്രിയില്‍ ഷെറിനെ വീടിന് പുറത്തുനിര്‍ത്തിയെന്നും കുറച്ചു കഴിഞ്ഞ് നോക്കുമ്പോള്‍ കുട്ടിയെ കാണാതായെന്നുമാണ് വെസ്ലി മാത്യൂസ് പോലീസിനു മൊഴി നല്‍കിയത്.ആ സമയത്ത് സിനി ഉറക്കമായിരുന്നെന്നും പറയുന്നു.തുടര്‍ന്ന് ഒക്‌ടോബര്‍ 22ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തി.നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടി മരിച്ചുവെന്നും തുടര്‍ന്ന് മൃതദേഹം കലുങ്കിനടിയില്‍ ഉപേക്ഷിച്ചെന്നുമാണ് വെസ്‌ളി പിന്നീട് പോലീസിനു മൊഴി നല്‍കിയത്.തുടര്‍ന്ന് കൊലക്കേസില്‍ വെസ്ലി മാത്യൂസിനേയും സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഇവര്‍ അഴിക്കുള്ളിലാവുകയുമായിരുന്നു.