മലയാള സിനിമാപ്രേമികള്‍ക്ക് അഭിമാനമായി ജയസൂര്യ. അമേരിക്കയില്‍ വച്ചു നടന്ന ഇന്ത്യന്‍ഫിലിം ഫെസ്റ്റിവല്‍ സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരമാണ് ജയസൂര്യ സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് 500 ഓളം സിനിമകള്‍ മേളയിലെത്തി. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും മത്സര വിഭാഗത്തിലുണ്ടായിരുന്നു. രഞ്ചിത്ത് ശങ്കര്‍ സംവിധാനം ചെയ്ത  ‘ഞാന്‍ മേരിക്കുട്ടി’ യിലെ മികച്ച അഭിനയത്തിനാണ് ജയസൂര്യയെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരം എത്തുന്നത്. മേരിക്കുട്ടി എന്ന ഒരു ട്രാന്‍സ്‌ജെന്റിന്റെ കഥാപാത്രമായാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തിനു ലഭിച്ച വലിയൊരു അംഗീകാരമായി ഈ നേട്ടത്തെ കാണുന്നുവെന്നും, ഈ സിനിമയ്ക്കായി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ജയസൂര്യ പറഞ്ഞു. 2018-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും ഈ ചിത്രം നേടിയിരുന്നു.