കല്‍പ്പറ്റ:അമ്പലവയലില്‍ നടുറോഡിലിട്ട് യുവതിയെയും യുവാവിനേയും ആക്രമിച്ച് പ്രതി സജീവാനന്ദനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.യുവതിയുടെയും യുവാവിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തിയത്. റോഡില്‍ വെച്ച് ആക്രമിക്കുന്നതിനു മുന്‍പ് അമ്പലവയലിലെ ലോഡ്ജില്‍ താമസിച്ചിരുന്ന ഇവരുടെ മുറിയില്‍ സജീവാനന്ദന് അതിക്രമിച്ച് കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി ഇരുവരും പോലീസിന് മൊഴി നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം പോലീസ് കോയമ്പത്തൂരിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്തി.
ലോഡ്ജില്‍ വെച്ച് ഇവരെ ശല്യം ചെയ്ത പ്രദേശവാസികളായ രണ്ടു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഇവരെയും അറസ്റ്റ് ചെയ്യും. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ലോഡ്ജ് മുറിയില്‍ താമസിക്കുമ്പോഴാണ് പ്രാദേശീക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദന് മുറിയിലേക്ക് ഇടിച്ചു കയറി ഇവരോട് അപമര്യാദയായി പെരുമാറിയത്.തുടര്‍ന്ന് ബഹളമായതോടെ യുവാവിനേയും യുവതിയേയും ലോഡ്ജുകാര്‍ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ അവിടെനിന്നും ഇറങ്ങിയപ്പോയ ഇരുവരേയും പിന്തുടര്ന്ന് അമ്പലവയല്‍ ടൗണില്‍വെച്ച് സജീവാനന്ദന് മര്‍ദിക്കുകയായിരുന്നെന്നും യുവതി നല്കിയ മൊഴിയില്‍ പറയുന്നു.