കല്‍പറ്റ: അമ്പലവയലില്‍ യുവാവിനേയും യുവതിയേയും നടുറോഡിലിട്ടു മര്‍ദിച്ച കേസിലെ മുഖ്യപ്രതി സജീവാനന്ദന്‍ പിടിയിലായി. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനെ കര്‍ണ്ണാടകത്തില്‍ നിന്നാണ് പിടികൂടിയത്.കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ തിരുവനന്തപുരം നേമത്തുനിന്നും അറസ്‌ററ് ചെയ്തിരുന്നു. ഇയാള്‍ നടത്തിയിരുന്ന ലോഡ്ജില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ലോഡ്ജില്‍ താമസിക്കുമ്പോഴാണ് സജീവാനന്ദന്‍ ഇവര്‍ക്കുനേരെ സദാചാര ഗുണ്ടായിസവുമായി ഇറങ്ങിയത്. സജീവാനന്ദന്‍ ഇവരുടെ മുറിയിലേക്ക് ഇടിച്ചു കയറി ഇരുവരോടും അപമര്യാദയായി പെരുമാറി. തുടര്‍ന്ന് ബഹളമായതോടെ ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നം വഷളാവുമെന്ന് കണ്ട് ലോഡ്ജ് ജീവനക്കാര്‍ ഇരുവരെയും പുറത്താക്കി. എന്നാല്‍ സജീവാനന്ദന്‍ പിന്‍മാറാതെ യുവതിയേയും യുവാവിനേയും പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. സജീവാനന്ദന്‍ യുവതിയെ കൈനീട്ടി അടിക്കുന്നതും അസഭ്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായുണ്ട്.