കൊച്ചി:താരസംഘടനയായ അമ്മയുടെ പുതിയ ഭരണഘടനാ ദേദഗതി പാസ്സാക്കാതെ മാറ്റിവെച്ചു.പുതിയ നിയമാവലി എല്ലാ അംഗങ്ങളുമായും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അമ്മ പ്രസിഡന്റ്് മോഹന്‍ലാല്‍ അറിയിച്ചു.ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ല.ചില മാറ്റങ്ങ്‌ളാണ് നിര്‍ദേശിച്ചത്.രാജിവെച്ച നടിമാര്‍ തിരികെ വരാന്‍ അപേക്ഷ നല്‍കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.ആക്രമിക്കപ്പെട്ട നടി സ്വമേധയാ സംഘടന വിട്ടതാണ്.അവര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.
അതേസമയം കരട് ഭേദഗതി എതിര്‍ത്ത ഡബ്ല്യുസിസി ഇത് ജനാധിപത്യ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് ആരോപിച്ചു. ഭേദഗതി ബില്ലിനോടുള്ള എതിര്‍പ്പ് ഡബ്ല്യുസിസി അംഗങ്ങള്‍ രേഖാമൂലം എഴുതി നല്‍കി.അമ്മ എക്‌സിക്യൂട്ടിവ് കമ്മറ്റിക്കെതിരെ അതിരൂഷമായാണ് ഡബ്ല്യുസിസി വിമര്‍ശിച്ചത്.
കണ്ണില്‍ പൊടിയിടാനുള്ള ഭേദഗതികളാണ് ‘അമ്മ’ എക്‌സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഡബ്ല്യുസിസി പറഞ്ഞു.കരട് തയ്യാറാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താല്‍പര്യം മാത്രം അനുസരിച്ചാണ്.നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കരട് ഭേദഗതിയില്‍ ഇല്ലെന്ന് ഡബ്ല്യുസിസി ആരോപിക്കുന്നു. ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം ഭേദഗതി പുനര്‍നിര്‍മ്മിക്കണമെന്നും അതിനായി ജനറല്‍ ബോഡിയില്‍ ചര്‍ച്ച വേണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
അമ്മയുടെ നേതൃനിരയില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭേദഗതികളാണ് ഇന്ന് ചര്‍ച്ച ചെയ്തത്.സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കി വെക്കുന്നുണ്ട്.
രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായാല്‍ സ്വീകരിക്കേണ്ട നടപടികളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നതില്‍ അവര്‍ കത്ത് നല്‍കണം എന്ന അമ്മയുടെ നിലപാടില്‍ ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വതിയും രേവതിയും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.