ന്യൂഡല്‍ഹി:അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍,മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ് അംഗങ്ങള്‍. മധ്യസ്ഥ ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം തുടങ്ങണമെന്നും എട്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്ക് രഹസ്യ സ്വഭാവം ഉണ്ടാവണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സുപ്രീംകോടതി പറയുന്നു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തര്‍പ്രദേശിലെ ഫൈസാബാദാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വേദിയാകുക.മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ സുപ്രീംകോടതിവിധിക്ക് തുല്യമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനെ ഹിന്ദു മഹാസഭ എതിര്‍ത്തിരുന്നു.എന്നാല്‍ അയോധ്യ തര്‍ക്കം കേവലം സ്വത്ത് തര്‍ക്കം മാത്രമല്ല,മതപരവും വൈകാരികവുമായ വിഷയമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം ജസ്റ്റിസ് ദീപക് മിശ്ര, കുര്യന്‍ ജോസഫ് തുടങ്ങിയവരുടെയെല്ലാം പേരുകള്‍ കക്ഷികള്‍ നിര്‍ദേശിച്ചു.എന്നാല്‍ പുറത്തു നിന്നുള്ളവരുടെ പേരുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.