ഇറ്റാനഗര്‍:അരുണാചലില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി സ്ഥിരീകരണം. മരിച്ചവരില്‍ 3 മലയാളികളും ഉള്‍പ്പെടുന്നു.ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി വ്യോമസേന വൃത്തങ്ങള്‍ പറയുന്നു. പാലക്കാട് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ്,കൊല്ലം സ്വദേശി സാര്‍ജന്റ് അനൂപ് കുമാര്‍,എന്‍ കെ ഷെരില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
അസമിലെ ജോര്‍ഹാട്ടില്‍ നിന്നും ജൂണ്‍ 3നായിരുന്നു എഎന്‍ 32 വിമാനം യാത്ര പുറപ്പെട്ടത്.തുടര്‍ന്ന് അരമണിക്കൂറിനുശേഷം വിമാനവുമായുള്ള ബന്ധം വിട്ടു.കാണാതായ വിമാനത്തിനുവേണ്ടി തിരച്ചില്‍ തുടങ്ങിയെങ്കിലും എട്ടുദിവസത്തിനുശേഷമാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വനമേഖലയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കര,നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്റെയും സഹായം തേടിയിരുന്നു. കനത്ത മഴ പെയ്തത് തെരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു.