ഏകാഗ്രവും ഏകാന്തവുമായ ആരാധനയും സാധനയുംകൊണ്ട് ഉണ്ടാകുന്ന ആന്തരികമായ ശുദ്ധിയും ആനന്ദവും കരുത്തും ആദ്ധ്യാത്മികപുരോഗതിയുടെ ഒന്നാമത്തെ ഘട്ടം മാത്രമാണ്. ഉള്‍ക്കരുത്തും ശാന്തിയും സ്ഥായിയാണോ എന്ന് പരീക്ഷിക്കപ്പെടേണ്ടതുണ്ട്. അതാണ് രണ്ടാം ഘട്ടം. ഏതെല്ലാം പ്രശ്നങ്ങളെ വിട്ടാണോ അകന്നു പോയത് ആ സമൂഹത്തിന്‍റെ ഉള്ളിലേക്ക് തിരികെ വരണം. വിജനതയില്‍ അനുഭവിച്ച ‘ഈശ്വരീയമായ’ ‘ആത്മസുഖം’ ജനതയോടൊപ്പം വസിക്കുമ്പോഴും അനുഭവിക്കാനാകണം. അല്ലെങ്കില്‍ നാം വീണ്ടും വീണ്ടും ഓടിയൊളിച്ചും മടങ്ങിവന്നും ഈ ചക്രത്തിനുള്ളില്‍ അശാന്തിയോടെ വട്ടംചുറ്റിക്കൊണ്ടേയിരിക്കും! യുദ്ധക്കളത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്നയാളിന്‍റെ യുക്തികളും ധര്‍മ്മശാസ്ത്ര പ്രമാണങ്ങളും ആദര്‍ശങ്ങളും വേദാന്തവുമൊന്നും ആചാര്യ ഭഗവാന്‍ ചെവിക്കൊള്ളില്ല. ”എതിര്‍ക്കാനുള്ള ശക്തി ഉള്ളില്‍ ഉണ്ടായിരിക്കെ എതിര്‍ക്കാതിരിക്കുന്നതാണ് ശക്തി. അല്ലാതെ എതിര്‍ക്കാനുള്ള ശക്തി നഷ്ടപ്പെട്ടിട്ട് ദുഃഖവും ദൗര്‍ബല്യങ്ങളുംകൊണ്ട്, എതിര്‍ക്കാതിരിക്കുന്നതിന്‍റെ കാരണങ്ങള്‍ കണ്ടെത്തുന്നതല്ല കരുത്ത്. അതിനാല്‍ ആദ്യം കരുത്ത് നേടുക. അതിനുവേണ്ടി വിധിക്കപ്പെട്ട സ്വധര്‍മ്മം അനുഷ്ഠിക്കുക എന്നതാണ് ഭഗവാന്‍റെ ഉപദേശം” എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നു. സ്വധര്‍മ്മം ചെയ്യാതിരിക്കുന്നതിന് കാരണമായി പരധര്‍മ്മത്തെ പ്രമാണമായി ഉദ്ധരിച്ചാലെങ്ങനെയാണ്? ക്ഷത്രിയന്‍ യുദ്ധക്കളത്തില്‍ നിന്നുകൊണ്ട് സന്ന്യാസധര്‍മ്മത്തെ ഉദ്ധരിച്ചാലെങ്ങനെയാണ്! ഒരാള്‍ എവിടെ എത്തിയോ അവിടെ നിന്നുവേണം മുന്നോട്ടു പോകുവാന്‍. മറ്റൊരാളിന്‍റെ ധര്‍മ്മത്തില്‍ ആകര്‍ഷണം തോന്നി അതിനെ അനുകരിക്കുവാന്‍ ശ്രമിച്ചാല്‍ അത് ശരിയായ വഴിയായിരിക്കില്ല. എവിടെ എത്തിപ്പെട്ടോ അവിടെ എന്തു ചെയ്യാനുണ്ടോ അത് നല്ല മനസ്സോടെയും സ്വസ്ഥതയോടെയും ചെയ്യുക എന്നതാണ് ഓരോ ആളിന്‍റെയും ധര്‍മ്മമാര്‍ഗ്ഗം. സ്വന്തം മാനസ്സികാവസ്ഥ എന്താണോ അതാണ് നാം എത്തിയയിടം, ശരീരം മനസ്സിനെയാണല്ലോ അനുസരിക്കുന്നത് എന്നതിനാല്‍! ശരീരംകൊണ്ട് എവിടെ എത്തിയാലും ശരീരം എന്തു ചെയ്താലും മനസ്സ് എന്താണെന്നതാണ് ഒരാളിന്‍റെ ജന്മാവസ്ഥ, അവിടെ നിന്നാണ് മുന്നോട്ടുള്ള മാര്‍ഗ്ഗം.  ”നീ അറിവുള്ളവനെ പോലെ സംസാരിക്കുകയും അറിവില്ലാത്തവനെ പോലെ ദുഃഖിക്കുകയും ചെയ്യുന്നു!” എന്ന അവസ്ഥ ഉണ്ടാകരുതല്ലോ എന്നാണ് ഗീതാചാര്യന്‍റെ ഉപദേശം. ഓം