ന്യൂഡല്‍ഹി:അലോക് വര്‍മ്മ രാജി വച്ചു.രണ്ടാം തവണ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെത്തുടര്‍ന്നാണ് രാജി.ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അലോക് വര്‍മ കത്തയച്ചു.പുതിയ ചുമതല സ്വീകരിക്കാന്‍ തയ്യാറല്ലെന്നും ഇന്ന് മുതല്‍ താന്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചിരിക്കുന്നു എന്നും കത്തില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ തനിക്ക് സ്വാഭാവികനീതി നിഷേധിച്ചുവെന്നും ചട്ടങ്ങള്‍ അട്ടിമറിച്ചുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നും രാജിക്കത്തില്‍ അലോക് വര്‍മ പറയുന്നു.
‘സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്.എന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ല.സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്.ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.അലോക് വര്‍മയുടെ കത്തില പറയുന്നു.
അര്‍ധരാത്രിയില്‍ നടത്തിയ നാടകീയ നീക്കത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ സലോക് വര്‍മ്മയെ ആദ്യം സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയത്.