തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിക്ക് മറുപടിയുമായി മന്ത്രിയുടെ മറുപടിയെത്തി.
തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ലെന്നും അഴിമതി നടത്തിയത് അദ്ദേഹമാവാമെന്നും തോമസ് ചാണ്ടി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ 10 കോടി രൂപ താന്‍ പാവങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഈ രാജ്യത്ത് തന്നെയാരും അഴിമതിക്കാരനാണെന്ന് വിളിക്കില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ജനജാഗ്രതാ യാത്രയില്‍ കുട്ടനാട്ടില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെനെ വേദിയിലിരുത്തി നടത്തിയ വിവാദ പ്രസംഗത്തിലും മന്ത്രി വിശദീകരണം വ്യത്കമാക്കി. ജനജാഗ്രത യാത്രയിലെ പ്രസംഗം പ്രശ്‌നത്തിലാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍, സുധാകര്‍ റെഡ്ഡി പറഞ്ഞതാണ് സിപിഐയുടെ നിലപാടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിയമലംഘിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്നും തോമസ് ചാണ്ടിയുടെ പ്രസംഗം അറിവ് കുറവ് കൊണ്ടാവാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.