തിരുവനന്തപുരം : അവധിയില്‍ പോകാനുള്ള തീരുമാനം മന്ത്രി തോമസ് ചാണ്ടി പിന്‍വലിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. അവധി അപേക്ഷ മന്ത്രി ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചിരുന്നില്ല.

കൈക്ക് പ്രശ്നങ്ങളുള്ളതിനാല്‍, ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സയ്ക്കായി ഇസ്രായേലില്‍ പോകാനാണ് തോമസ് ചാണ്ടി നിശ്ചയിച്ചിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് തോമസ് ചാണ്ടി സൂചിപ്പിച്ചിരുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം അന്വേഷിച്ച ജില്ലാ കളക്ടര്‍ ടിവി അനുപമ ഇന്ന് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ എതിരായ പരാമര്‍ശങ്ങളുണ്ടായേക്കാമെന്നത് മുന്‍നിര്‍ത്തിയാണ് തോമസ് ചാണ്ടി അവധിയ്ക്ക് പോകുന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി തീരുമാനം മാറ്റിയത്.